കൊല്ലം: സ്വർഗതുല്യമാണ് 'മദീന മൻസിൽ'. മുറ്റത്തും മട്ടുപ്പാവിലും വിരിഞ്ഞു നിൽക്കുന്ന ഓർക്കിഡ് പുഷ്പങ്ങൾ. കൊല്ലം ജില്ലയിലെ തട്ടാമലക്ക് സമീപം ഷീജ എന്ന വീട്ടമ്മ സൃഷ്ടിച്ചത് ഓർക്കിഡുകളുടെ ലോകമാണ്. ആരെയും ആകർഷിക്കുന്ന ഓർക്കിഡ് പൂക്കൾ. വളർത്താൻ മണ്ണ് വേണമെന്നില്ല. വിരിയാൻ വിണ്ണ് മാത്രം മതി. വ്യത്യസ്‌ത ഓർക്കിഡുകൾക്കായി വിസ്തൃതമായ ഓർക്കിഡ് പുരയാണ് മദീനയിൽ തീർത്തിരിക്കുന്നത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങളെ തടയാൻ യു.വി ഷീറ്റിന്‍റെ മേൽക്കൂരയുണ്ട്. രസകരമായ രൂപ ഭംഗിയുള്ള അഞ്ചു ഡസനോളം ഓർക്കിഡുകളുടെ ശേഖരാണ് മദീനയിൽ പൂത്ത് നില്‍ക്കുന്നത്. ഫലനോപ്‌സിസാണ് എക്കാലത്തെയും വലിയ താരം. ഡൻഡ്രോബിയം ആണ് മറ്റൊരിനം. ഇളം നീല നിറം മുതൽ കടുത്ത പ്രണയവർണം വരെ ഇവരിലുണ്ട്.
ഓർക്കിഡുകളുടെ വംശ വർധനവിന് ഷീജയ്ക്ക് സ്വന്തം രീതികളുണ്ട്. പോട്ടിങ് മിശ്രിതമായി കരിയും തൊണ്ടിൻ കഷണങ്ങളും ചകിരിയുമാണ് ഉപയോഗിക്കുന്നത്. ഓർക്കിഡുകൾക്ക് പുറമെ ബോഗൻ വില്ലയിലും മണിപ്ലാന്‍റിലും ഫേണിലുമൊക്കെ ഷീജ സജീവമാണ്. വിദേശ രാജ്യങ്ങളിലേക്ക് പുഷ്പ സസ്യങ്ങളുടെ കയറ്റുമതിയുമുണ്ട്. കൊവിഡ് കാലത്ത് ഓൺലൈൻ വിൽപന കുറഞ്ഞിട്ടുണ്ടെങ്കിലും പ്രാദേശിക വിൽപന നന്നായി നടക്കുന്നുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഭർത്താവ് ഷാഫിയും ഒപ്പം കൂടിയതോടെയാണ് മദീന പുഷ്പ വനമായി മാറിയത്. നേരം പോക്കിന് തുടങ്ങിയ പുഷ്പ കൃഷി വിജയമായി മാറിയതിന്‍റെ സന്തോഷത്തിലാണ് ഷീജയും കുടുംബവും.