കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ്. ഇടതുപക്ഷ സര്‍ക്കാര്‍ എന്‍എസ്‌എസിനോട് ഇരട്ടത്താപ്പ് നയമാണ് കാട്ടുന്നതെന്നും എന്‍എസ്‌എസ് സ്ഥാപകൻ മന്നത്ത് പത്മനാഭനെ സർക്കാർ അപമാനിക്കുന്നുവെന്നും ആരോപിച്ചാണ് എന്‍എസ്‌എസ് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യമുള്ളപ്പോള്‍ മന്നത്ത് പത്മനാഭനെ ഉയര്‍ത്തി കാട്ടുകയും അല്ലാത്തപ്പോള്‍ അവഗണിക്കുകയും ചെയ്യുന്നു. ഇത് എൻഎസ്എസും മന്നത്തിന്‍റെ ആരാധകരും തിരിച്ചറിയുന്നുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
2018 ൽ ഗുരുവായൂർ സത്യാഗ്രഹ സ്‌മാരകം ഉദ്ഘാടനം ചെയ്‌തപ്പോൾ മന്നത്ത് പത്മനാഭനെ ഓർമിക്കാനോ അദ്ദേഹത്തിന്‍റെ പേര് ചേർക്കാനോ സർക്കാർ തയ്യാറായില്ല. പിന്നീടൊരു അവസരത്തില്‍ മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനാക്കി ഉയർത്തികാട്ടി ആരാധകരെ കൈയിലെടുക്കാൻ ശ്രമിക്കുന്നു. എന്നാല്‍ അവസരം കിട്ടുമ്പോഴെല്ലാം അദ്ദേഹത്തെ അവഗണിക്കുകയും ചെയ്യുന്നു. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം സിപിഎം പാർട്ടി പത്രത്തിൽ വന്ന എഡിറ്റോറിയൽ ലേഖനവും സത്യഗ്രഹ സമര സ്‌മാരകത്തിൽ നിന്നും മന്നത്തിന്‍റെ പേര് ഒഴിവാക്കിയ സംഭവവുമെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ഇതിന്‍റെ പിന്നിലുള്ള രാഷ്ട്രീയ വൈരത്തിന്‍റെ ഉറവിടമെന്തെന്ന് മനസിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് എൻഎസ്എസ് തുടർച്ചയായി സർക്കാരിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.