കൊല്ലം: കൊവിഡ് ഭീതിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് റംസാൻ മാസം എത്തിയത്. രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പള്ളികളില്‍ സമൂഹ പ്രാർഥനകളും നോമ്പ് തുറയുമില്ലാത്ത ഒരു റംസാൻ മാസം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഓർമ്മകളില്‍ പോലും ഇങ്ങനെയൊരു നോമ്പുകാലം ഉണ്ടായിട്ടില്ല. നോമ്പുകാലത്ത് ഏറ്റവും സജീവമായിരുന്ന നോമ്പുതുറ നഷ്ടമാകാതെ സംരക്ഷിക്കുന്ന ഒരാളുണ്ട്. കൊല്ലം ജില്ലയിലെ ചവറയില്‍ സ്വദേശിയായ ബിജു. ചവറയിലെ മുണ്ടുവീട്ടില്‍ വിശ്വാസികൾക്കായി നോമ്പ് കഞ്ഞി ഒരുക്കുന്ന തിരക്കിലാണ് ബിജുവും ഭാര്യ സ്മിതയും.
ലോക്ക് ഡൗണില്‍ വിശ്വാസികൾക്ക് പള്ളിയിൽ പോയി നോമ്പു തുറക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ബിജുവിന്‍റെ അടുക്കള ഒരുങ്ങിയത്. ആദ്യം സമീപത്തുള്ളവർ മാത്രമായിരുന്നു കഞ്ഞി വാങ്ങനെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മറ്റു പ്രദേശങ്ങളിൽ ഉള്ളവരും കഞ്ഞി വാങ്ങാനെത്തുന്നുണ്ട്. വീട്ടിലെത്തുന്നവർക്കെല്ലാം നോമ്പുകഞ്ഞി റെഡിയാണ്. വൈകിട്ട് 3.30 മുതൽ ആറ് മണി വരെയാണ് കഞ്ഞി വിതരണം. മക്കളായ ജിതിനും ജ്യോത്സ്നയും സഹായത്തിനുണ്ട്.