കൊല്ലം : ക്ഷേത്രത്തിനും നാടിനും സർവ്വൈശ്വര്യം സാധ്യമാക്കുകയെന്ന സങ്കല്‍പ്പത്തില്‍ കടവൂർ മഹാദേവ ക്ഷേത്രത്തില്‍ നിറപുത്തരി ആഘോഷത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു.
ജില്ലയിലെ പ്രധാന ക്ഷേത്രമായ കടവൂർ മഹാദേവ ക്ഷേത്രത്തിൽ നിറപുത്തരിക്കായി കർഷകർ ആചാരക്രമീകരണങ്ങളോടെ നെൽക്കറ്റകൾ എത്തിച്ചു. 25 വർഷമായി കടവൂർ ഏലായിലെ മൂന്ന് നെൽകർഷകരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ നിറപുത്തരിക്കായി നെൽക്കറ്റകൾ എത്തിച്ചുനൽകുന്നത്.
ആചാരപ്രകാരം കറ്റ കൊയ്ത് മേളങ്ങളുടെ അകമ്പടിയോടെ 'ഇല്ലം നിറ, വല്ലം നിറ " എന്ന് ഉരുവിട്ടുകൊണ്ട് തലച്ചുമടയാണ് കറ്റകൾ ക്ഷേത്രത്തിൽ എത്തിച്ചുനൽകിയത്.
Also Read: ജനകീയാസൂത്രണത്തിന്‍റെ രജത ജൂബിലി, പ്രസംഗ പട്ടികയില്‍ തോമസ് ഐസകിന് അവഗണന
ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തില്‍ കറ്റകൾ ഏറ്റുവാങ്ങി. രാവിലെ നടന്ന നിറപുത്തരി ചടങ്ങിന് ശേഷം നെല്‍ക്കതിരുകള്‍ ഭക്തർക്ക് പൂജിച്ച് നൽകി. കർഷകൻ്റെ അധ്വാനത്തിൻ്റെ ഫലത്തെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത് കാർഷികവൃത്തിക്കും കർഷകർക്കും ഉള്ള അംഗീകാരവും ആദരവുമായിട്ടാണ് കണക്കാക്കുന്നത്.
കർക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലംനിറ.