കൊല്ലം: ചടയമംഗലത്ത് എസ്ഐ ഉൾപ്പെടെ ഒമ്പതോളം പൊലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് അടിപിടികേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായ കുരിയോട് സ്വദേശിയായ പ്രതിയെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയിരുന്നു. റിമാന്‍റിലായ പ്രതിയുടെ പരിശോധന ഫലം പോസിറ്റീവ് ആയതോടെയാണ് ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പൊലീസുകാരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്ഐ അടക്കമുള്ളവരും നിരീക്ഷണത്തില്‍ പോയത്. പ്രതിയുടെ ആന്‍റിജന്‍ പരിശോധന നെഗറ്റീവ് ആവുകയും പിന്നീട് നടന്ന പിസിആര്‍ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തതോടെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ആയിരുന്ന പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.
നിരീക്ഷണത്തില്‍ പോയ പോലീസുകാരുടെ സ്രവം പരിശോധനക്കായി ഉടന്‍ ശേഖരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലം റൂറലിലെ മൂന്നു പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരും നിരീക്ഷണത്തില്‍ പോയിരുന്നു. ഇപ്പോള്‍ കടക്കല്‍ സബ് ഇന്‍സ്പെക്ടര്‍ പ്രവീണിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തെന്മല പൊലീസ് സ്റ്റേഷന്‍ ചുമതല വഹിക്കുന്നത്. പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച സ്റ്റേഷന്‍ പ്രവര്‍ത്തനം പിന്നീട് അണുവിമുക്തമാക്കിയ ശേഷം പുനരാരംഭിച്ചു. അതേസമയം,നിരീക്ഷണത്തില്‍ പോയ പത്തിലധികം പൊലീസുകാരുടെ ആന്‍റിജന്‍ പരിശോധനയില്‍ എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്.