കൊല്ലം: പത്ര പരസ്യങ്ങളിലൂടെ അമേരിക്കയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശി ബാബാതുണ്ടെ മാത്യുവാണ് അറസ്റ്റിലായത്. മഹാരാഷ്‌ട്രയില്‍ നിന്നാണ് ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയത്.
ലക്ഷങ്ങള്‍ തട്ടുന്നത് ഇങ്ങനെ: പത്രങ്ങളിൽ അഞ്ച് ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലിയെ കുറിച്ച് പരസ്യം നൽകും. പരസ്യം കാണുന്ന ആവശ്യക്കാരെ ഇവരുമായി ബന്ധപ്പെടുമ്പോള്‍ സംസാരിച്ചതിന് ശേഷം ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു സംഘം. പത്തനംതിട്ട ആറന്മുള കമ്മിനിട്ട സ്വദേശി കാർത്തികയാണ് ഇതു സംബന്ധിച്ച് ആദ്യം പരാതി നല്‍കിയത്. അമേരിക്കയിലെ ക്രൂസ് മെരിലാൻഡ് ടെർമിനൽ എന്ന കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് കാര്‍ത്തികയെ തട്ടിപ്പിന് ഇരയാക്കിയത്. എടിഎം വഴിയാണ് ഇയാള്‍ പണം കൈക്കലാക്കിയത്.
നിലവില്‍ ഒന്‍പത് പേര്‍ സംഘത്തിന്‍റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇവരില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയും ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ നൈജീരിയ സ്വദേശി അടക്കം 14 പേരാണ് തട്ടിപ്പ് സംഘത്തിലുള്ളത്. ഇതില്‍ 11 ഇന്ത്യക്കാരും മൂന്ന് വിദേശികളുമാണുള്ളത്.
സംഘത്തിലെ മറ്റുള്ളവരെ പിടികൂടിയിട്ടില്ല. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതേ സമയം സംഘത്തിലെ ബാക്കിയുള്ളവര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇന്ത്യക്കാരായ പ്രതികളിൽ മൂന്ന് പേരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നാല്‍ ബാക്കിയുള്ളവരുടെ മേല്‍ വിലാസം വ്യാജമാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതിസാഹസികമായി പ്രതിയെ കീഴ്‌പ്പെടുത്തി ക്രൈം ബ്രാഞ്ച്: മഹാരാഷ്‌ട്ര പൂനെയിലെ കൊണ്ടുവായിലെ പ്രതിയുടെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് രക്ഷപെടാൻ ശ്രമിച്ച ബാബാതുണ്ടെയെ ക്രൈം ബ്രാഞ്ച് സംഘം കായികമായി കീഴടക്കുകയായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി ഇയാള്‍ പൂനെ സ്വദേശിയായ യുവതിക്കൊപ്പം താമസിച്ച് വരികയാണ്. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.
ഡിജിപിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് എസ്.പി എ.നസീമിന്‍റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. എസ്.ഐ.മാരായ ഷൈജു, മോഹനൻ പിള്ള, നിക്‌സൺ, എ.എസ്.ഐമാരായ ബിജുകുമാർ, അബ്‌ദുൾ കബീർ, സി.പി.ഒമാരായ എസ്.രജീഷ്, ഷൈനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്‌ട്ര കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് ഇയാളെ കൊല്ലത്തെത്തിച്ചത്.
തലസ്ഥാനത്തുണ്ടായ സമാന സംഭവം: ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് കാനഡയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റിലായത്. പഞ്ചാബ് സ്വദേശിയായ ഗഗന്‍ദീപ് സിങ്ങാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങള്‍ വഴി ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്.
മേനംകുളം സ്വദേശിയുടെ പരാതിയുടെ അന്വേഷണത്തില്‍ നടത്തിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ജോലി വാഗ്‌ദാനം കണ്ട് താത്‌പര്യമുള്ളവര്‍ സംഘവുമായി ബന്ധപ്പെടും. തുടര്‍ന്ന് ബന്ധപ്പെടുന്ന ആളുകളുടെ വിശ്വാസ്യത നേടുന്നതിന് വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റ് സംഘം അയച്ച് കൊടുക്കും.
തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടും. ഇത്തരത്തില്‍ നടത്തിയ വിവിധ തട്ടിപ്പുകളിലൂടെ 23 ലക്ഷം പണം തട്ടിയിട്ടുണ്ട് സംഘം.