കൊല്ലം: ആയൂർ മാർത്തോമ്മ കോളജിലെ നീറ്റ് പരീക്ഷ പിഴവിന് പരിഹാരവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി. അടുത്തമാസം നാലിന് കൊല്ലം എസ്എൻ സ്‌കൂളില്‍ വീണ്ടും പരീക്ഷ നടത്തും. ആയൂർ മാർത്തോമ കോളജിൽ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച വിദ്യാർഥിനികൾക്ക് മാത്രമാണ് വീണ്ടും പരീക്ഷ.
പരീക്ഷ നടത്തിപ്പ് സ്വകാര്യവൽക്കരിച്ചതാണ് അനിഷ്‌ട സംഭവങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചത്. പരീക്ഷാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച ശേഷമാണ് പരീക്ഷ ഏജൻസി പരീക്ഷ എഴുതാൻ അനുവദിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണത്തിനൊപ്പം പരീക്ഷ ഏജൻസിയും പ്രത്യേക സമിതിയെ വെച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മാനസിക പീഡനത്തിനിരയായ വിദ്യാർത്ഥിനികൾക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ സൗകര്യം അനുവദിച്ചത്. സെപ്റ്റംമ്പർ നാലിന് കൊല്ലം എസ്.എൻ പബ്ലിക്ക് സ്‌കൂളാണ് സെന്‍റര്‍. ഹാൾടിക്കറ്റ് ലഭിച്ചതായും വീണ്ടും പരീക്ഷ നടത്തുമ്പോൾ കൃത്യമായ യോഗ്യതയുള്ളവരെ നിയമിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
ആയൂരിലെ പരീക്ഷ നടത്തിപ്പിലെ വീഴ്‌ചയ്‌ക്ക് അധ്യാപകർ ഉൾപ്പെടെയുള്ളവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി അഞ്ചുകേന്ദ്രങ്ങളിൽ കൂടി ഇതേ ദിവസം പരീക്ഷ നടക്കും.