കൊല്ലം: നീണ്ടകര മാരിടൈം അക്കാദമിയെ അന്തർദേശീയ നിലവാരമുള്ളതാക്കി മാറ്റുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. നീണ്ടകരയിൽ പുതിയതായി തുടങ്ങുന്ന കോഴ്സുകളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അക്കാദമിക്ക് ആവശ്യമുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കും. അക്കാദമിയുടെ പുരോഗതിക്ക് വേണ്ടിയുള്ള കാര്യങ്ങൾ ദ്രുതഗതിയിൽ സർക്കാർ നടപ്പിലാക്കും. കപ്പൽ വ്യവസായ -ഗതാഗത മേഖലയിലെ വര്‍ധിച്ചുവരുന്ന തൊഴിലവസരങ്ങൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നവർ പ്രയോജനപ്പെടുത്തണം. ഇതിനായി ബോധവൽക്കരണവും തുടർപരിശീലനവും നൽകുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
നിരുത്തരവാദപരമായ സമീപനമാണ് പലപ്പോഴും നീണ്ടകര മാരിടൈം അക്കാദമിയുടെ പ്രവർത്തനങ്ങളെ ബാധിച്ചതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം പോർട്ടും മാരിടൈം അക്കാദമിയും കൊല്ലത്തിന്റെ സ്വപ്ന പദ്ധതികളാണ്. കയറ്റു- ഇറക്കുമതി സാധ്യതയുള്ള പട്ടണമാണ് കൊല്ലം. ചിലയിടങ്ങളിൽ നിന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സമരം ചെയ്താൽ സമയബന്ധിതമായ വികസനം നടക്കുകയില്ല. ഇത് നിരാശജനകമാണെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചടങ്ങിൽ എൻ.വിജയൻ പിള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. മാരിടൈം ബോർഡ് ചെയർമാൻ അഡ്വ.വി.ജെ. മാത്യൂ ,അക്കാദമി ക്യാമ്പസ് മാനേജർ മരിയ പ്രോൺ ,നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സേതുലക്ഷ്‌മി തുടങ്ങിയവർ പങ്കെടുത്തു.