കൊല്ലം: കൊട്ടാരക്കരയിൽ കൊലപാതകശ്രമം നടത്തി ഒളിവിൽ പോയ പ്രതി പിടിയില്‍. തലച്ചിറ സ്വദേശി സേതുവാണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. വെട്ടിക്കവല സ്വദേശിയായ ശരത് എന്നയാളെ വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.
സേതുവിന്‍റെ ഭാര്യവീടായ വെട്ടിക്കവലയിലെ വീട്ടിൽ വന്ന ശേഷം ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഇതിനെ തുടർന്ന് ഭാര്യയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് സേതുവിനെ തടഞ്ഞുവെക്കുകയും ചെയ്‌തു. ഇതേ തുടർന്നുണ്ടായ വിരോധമാണ് ആക്രമണത്തിന് കാരണം. തുടർന്ന് സേതു ചിറയിൻകീഴിൽ നിന്നും സുഹൃത്തുക്കളെ വിളിച്ചു വരുത്തി ഭാര്യയുടെ ബന്ധുക്കളെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ കൊട്ടാരക്കര എസ്.ഐമാരായ രാജീവ്, മനോജ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. കൂട്ടാളികളായ മൂന്നുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.