കൊല്ലം : വാർത്ത നൽകിയതിന്‍റെ പേരിൽ ഇടിവി ഭാരതിന്‍റെ കൊല്ലം പ്രതിനിധിക്ക് നേരെ വധശ്രമം. രാമൻകുളങ്ങര സ്വദേശി ജയമോഹൻ തമ്പിയെ മൂന്നംഗ അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചൊവ്വാഴ്‌ച രാത്രിയിലായിരുന്നു സംഭവം.
ജോലിക്ക് ശേഷം മടങ്ങിയെത്തി വീടിന്‍റെ ഗേറ്റ് തുറക്കവെയാണ് ഹെൽമറ്റിട്ട മൂന്നംഗ സംഘം ജയമോഹനെ ആക്രമിച്ചത്. വടിവാൾകൊണ്ടുള്ള ആക്രമണം തടുക്കാൻ ശ്രമിക്കവെ വലത് കൈയ്‌ക്ക് വെട്ടേറ്റു. ജയമോഹന്‍ ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Also read: ഗുണ്ടാ ആക്രമണത്തിൽ തകർന്നത് ഒരു കുടുംബം; നീതി ലഭിക്കാത്ത നാല് മാസം
ശക്തികുളങ്ങരയിലെ വ്യവസായിയെ കുറിച്ച് വാർത്ത നൽകുമോയെന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് ജയമോഹൻ തമ്പി പൊലീസിന് മൊഴി നൽകി. മത്സ്യ വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച വാർത്ത കഴിഞ്ഞ ജൂലൈ 18ന് ഇടിവി ഭാരതിനു വേണ്ടി ജയമോഹൻ തമ്പി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തന്നെ വെട്ടിയതിന് പിന്നിൽ ശക്തികുളങ്ങരയിലെ ഒരു വ്യവസായി ആണെന്നായിരുന്നു മത്സ്യവ്യാപാരിയുടെ പ്രതികരണം.
കൂടാതെ ശക്തികുളങ്ങരയിലെ വീടാക്രമണത്തിന്‍റെ വാർത്തയും നൽകിയിരുന്നു. ജയമോഹന്‍റെ വിശദമായ മൊഴിയെടുത്ത ശക്തികുളങ്ങര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.