കൊല്ലം : പരിശീലനത്തിന്റെയോ മറ്റ് അംഗീകാരങ്ങളുടെയോ പിൻബലമില്ലാതെ സർഗാത്മകതയുടെ മാത്രം കരുത്തിൽ മനോഹരമായ കാൻവാസ് ചിത്രങ്ങൾ വരയ്ക്കുകയാണ് കൊല്ലം ഇരവിപുരം സൗപർണികയിൽ ബി.വസന്തകുമാരി. കേരളത്തിന്‍റെ പരമ്പരാഗത ചിത്രകലയായ മ്യൂറൽ പെയിന്‍റിങ്ങിലൂടെ വസന്തകുമാരി ഒരുക്കിയത് എത്രകണ്ടാലും മതിവരാത്ത ചിത്രങ്ങള്‍.
രാധാ മാധവം, നടരാജനൃത്തം, ദൃഷ്ടിഗണപതി, ഗജേന്ദ്രമോക്ഷം, ധ്യാന ബുദ്ധൻ, സരസ്വതി ദേവി, നർത്തകി എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് വസന്തകുമാരിയുടെ കലാപാടവത്തിൽ ഒരുങ്ങിയത്.
ഹിന്ദുപുരാണ കഥാസന്ദർഭങ്ങൾ, ദേവീദേവന്മാരുടെ ചിത്രങ്ങൾ എന്നിവയാണ് കൂടുതലും വരച്ചിട്ടുള്ളത്. മൂന്ന് മാസത്തോളം എടുത്താണ് വസന്തകുമാരി ഓരോ ചിത്രവും പൂർത്തിയാക്കുന്നത്.
കുട്ടിക്കാലം മുതൽ തന്നെ ചിത്രരചനയിൽ അഭിരുചി ഉണ്ടായിരുന്ന വസന്തകുമാരി ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ചതിനുശേഷമാണ് മ്യൂറൽ ചിത്രകലാ രംഗത്തേക്കുവന്നത്. ചുവരുകളിൽ തെളിയുന്ന ചിത്രങ്ങൾക്ക് ജീവൻ വയ്പ്പിക്കുന്ന മാന്ത്രികതയാണ് വസന്തകുമാരിയുടെ ഓരോ ചിത്രങ്ങളിലും ഒളിഞ്ഞിരിക്കുന്നത്.
മൂന്ന് മാസത്തോളം ചിത്രരചനയുടെ അടിസ്ഥാന പാഠങ്ങൾ അഭ്യസിച്ചു. പിന്നീട് പുസ്തകങ്ങൾ വായിച്ച് നേടിയ അറിവ് വസന്തകുമാരിയെ ചിത്രരചനയിലേക്ക് നയിച്ചു.
2019ൽ തിരുവനന്തപുരം മ്യൂസിയം ആർട്ട് ഗ്യാലറിയിൽ ചായില്യം മ്യൂറൽസ് എന്ന പേരിൽ ചിത്ര പ്രദർശനവും വസന്തകുമാരി സംഘടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് വിദേശത്തടക്കം നിരവധി ആരാധകരാണുള്ളത്.
ഭർത്താവ് ദീപക്, ഡിസൈനറും ഛായാഗ്രാഹകനുമായ മകൻ സ്വാതി ദീപക് എന്നിവർ നൽകുന്ന പിന്തുണയും പ്രോത്സാഹനവും വസന്തകുമാരിയുടെ ചിത്രങ്ങൾക്ക് മാറ്റുകൂട്ടുന്നു.