കൊല്ലം: "ദൈവം എനിക്ക് തന്ന നിധിയാണ് എന്‍റെ മകൻ മണിദാസ്. അവൻ ഇല്ലായിരുന്നെങ്കില്‍ ഈ നാല് ചുവരുകളിൽ മാത്രം ഒതുങ്ങുമായിരുന്നു താൻ എന്ന വ്യക്തിത്വം...", കൊല്ലം ജില്ലയിലെ കലയ്‌ക്കോട് വീട്ടിലിരുന്ന് റിട്ടയേർഡ് അധ്യാപികയായ സുധാമണിയമ്മ പറയുമ്പോൾ മകനു വേണ്ടി ഒരമ്മ നടത്തിയ പോരാട്ടങ്ങളുടെ വലിയ കഥ കൂടിയുണ്ട്. ചലനവൈകല്യവും മംഗോളിസവുമായി പിറന്ന മണിദാസ് കഴിഞ്ഞ 23 വർഷമായി ഈ അമ്മയുടെ സ്നേഹ കരങ്ങളില്‍ സുരക്ഷിതനാണ്. ഭിന്നശേഷിക്കാരനായ മകന് സ്‌കൂളില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് അവന് വേണ്ടി സധൈര്യം പോരാടാൻ ഈ അമ്മയെ പ്രേരിപ്പിച്ചത്. മണിദാസിനെ ചേർത്ത് പിടിച്ച് നിയമ പോരാട്ടം തുടങ്ങുമ്പോൾ ഭിന്നശേഷിക്കാരായ എല്ലാ കുട്ടികളുടേയും പോറ്റമ്മയായി സുധാമണിയമ്മ മാറുകയായിരുന്നു.
81 ശതമാനം മുതൽ മുകളിൽ വൈകല്യമുള്ളവർക്ക് 700 രൂപയും 80 ശതമാനം മുതൽ താഴെയുള്ളവർക്ക് 525 രൂപയും ആയിരുന്നു പെൻഷൻ നൽകിയിരുന്നത്. എന്നാല്‍ കേന്ദ്ര വികലാംഗ നിയമത്തിന് വിരുദ്ധമായി സംസ്ഥാന സർക്കാർ വികലാംഗരെ വർഗീകരിച്ചതാണ് പെൻഷനിലും വിവേചനമുണ്ടാകാൻ കാരണം. ഇത് ചൂണ്ടിക്കാട്ടി സുധാമണി നടത്തിയ നിയമപോരാട്ടം 80% വൈകല്യമുള്ള എല്ലാവർക്കും 700 രൂപ പെൻഷൻ നേടിക്കൊടുത്തു. അംഗപരിമിതരായ കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിനുള്ള സർക്കാർ ഉത്തരവുകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകി. തുടർന്ന് കലക്ടറുടെ നിർദ്ദേശപ്രകാരം സ്കോളർഷിപ്പ് അനുവദിച്ച് ഉത്തരവായി.
പഞ്ചായത്ത് തലത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രോജക്റ്റുകൾ നടപ്പാക്കുന്നത് സംബന്ധിച്ച വിഷയങ്ങളിലും അമ്മ സജീവമായി ഇടപെട്ടു. ഇതിന്‍റെ ഫലമായി വികസന ഫണ്ടിന്‍റെ അഞ്ച് ശതമാനത്തിൽ കൂടുതൽ തുക വികലാംഗർക്കും കുട്ടികൾക്കും മാത്രമായി വകയിരുത്തണം എന്ന ഉത്തരവുണ്ടായി. ഭിന്നശേഷിയുള്ളവർക്ക് ജന്മനാ വികലാംഗ സർട്ടിഫിക്കറ്റ് മാത്രം മതി എന്ന ഉത്തരവ് നേടിയെടുത്തതും സുധാമണി അമ്മയുടെ പോരാട്ടത്തിന്‍റെ ഫലമാണ്. മുൻഗണനേതര സബ്സിഡി വിഭാഗത്തിലെ ഗുരുതര രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിലും അമ്മയുടെ പോരാട്ടം വിജയം കണ്ടു.
പൂതക്കുളം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ മകൻ മണിദാസിനെ ബിരുദധാരിയാക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ ഉൾപ്പടെ മികവ് പുലർത്തുന്ന മണിക്ക് ഐക്യരാഷ്ട്ര സഭയുടെ അടക്കമുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കാലയ്ക്കോട്ടെ കൊച്ചു വീട്ടിൽ മകൻ മണിക്കും ഭർത്താവിനും ഒപ്പം ജീവിതം വെറുതെ ജീവിച്ചു തീർക്കുകയല്ല, ഭിന്നശേഷിയുള്ളവർക്ക് ജീവിതം ആസ്വദിക്കാനുള്ള വഴിയൊരുക്കുക കൂടിയാണ് സുധാമണി.