കൊല്ലം: ക്ഷീര കർഷകർക്ക് ആശ്വാസമായി മന്ത്രി കെ രാജുവിൻ്റെ ഇടപെടൽ. അതിര്‍ത്തി വഴി വയ്‌ക്കോല്‍, കാലീതീറ്റ, കോഴി തീറ്റ എന്നിവ എത്തിക്കാന്‍ നടപടി സ്വീകരിക്കും.
കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്‌ഡൗൺ നിലനില്‍ക്കുന്നതിനാല്‍ വയ്‌ക്കോല്‍ ക്ഷാമം രൂക്ഷമായിരുന്നു. നിരവധി പരാതികള്‍ ക്ഷീരകര്‍ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായതോടെയാണ് നടപടി. നിലവില്‍ അതിര്‍ത്തി വഴി വയ്‌ക്കോല്‍ വരുന്നതിന് തടസങ്ങളോ ബുദ്ധിമുട്ടോ ഇല്ല. എന്നാല്‍ തമിഴനാട്ടില്‍ നിന്ന് വയ്‌ക്കോല്‍ കയറ്റുന്നതിന് ആവശ്യമായ തൊഴിലാളികള്‍ ഇല്ലാത്തതിനാലാണ് നിലവില്‍ ക്ഷാമം അനുഭവപ്പെടുന്നത്.
ഇത് പരിഹരിക്കാന്‍ കേരളത്തില്‍ നിന്നും വയ്‌ക്കോല്‍ കൊണ്ടുവരാന്‍ പോകുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍, ക്ലീനര്‍ കൂടാതെ വയ്‌ക്കോല്‍ കയറ്റുന്നതിനായി രണ്ട് തൊഴിലാളികള്‍ക്ക് കൂടി പാസ് നല്‍കും. ഇതിന് കൊല്ലം റൂറല്‍ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ആര്യങ്കാവിൽ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് അധികൃതരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ മന്ത്രി വിശദീകരിച്ചത്.
അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി വഴി എത്തുന്നവരില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ആര്യങ്കാവിനോട് ചേര്‍ന്ന പ്രദേശത്ത് നിരീക്ഷിക്കും. ആര്യങ്കാവ് ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് കൊവിഡ് സംശയിക്കുന്നവരെ കൊണ്ടുപോകുന്നതിനായി 108 ആംബുലന്‍സ് ഉറപ്പാക്കും. പൈനാപ്പിള്‍ വിളവെടുപ്പ് കാലമായതിനാൽ കേരളത്തിലേക്ക് പൈനാപ്പിള്‍ കൊണ്ടുപോകുന്നത് തടയില്ല. ഒപ്പം കശുവണ്ടി സംസ്‌കരിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും കൊണ്ടുപോകുന്നത് തടയില്ല.
വന മേഖലയിലെ ആദിവാസികള്‍ക്ക് ഭക്ഷണ, റേഷന്‍ സാധനങ്ങള്‍ വനം വകുപ്പ് നേരിട്ട് ഊരുകളില്‍ എത്തിക്കാനും തീരുമാനമായി. നിലവിലത്തെ സാഹചര്യത്തില്‍ ജില്ലയിലോ സമീപത്തോ ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യമില്ലന്നും യോഗം വിലയിരുത്തി.