കൊല്ലം : പഴയ കായിക താരത്തിൻ്റെ മികവ് മൂന്ന് പതിറ്റാണ്ടിന് ശേഷവും ചോർന്നുപോയിട്ടില്ലെന്ന് തെളിയിച്ച് മന്ത്രി ചിഞ്ചുറാണി. ഭരണത്തിൽ മാത്രമല്ല സ്പോർട്‌സ് ട്രാക്കിലും അതേ വേഗമുണ്ട് ഈ മുൻ കായിക താരത്തിന്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസിലാണ് മന്ത്രി ചിഞ്ചുറാണി ഒരിക്കൽ കൂടി ജേഴ്‌സിയണിഞ്ഞത്.
എസ്.എൻ കോളജ് പഠനകാലത്ത് ട്രാക്കിൽ വേഗത്തിൻ്റെ തീപ്പൊരിയായ ആ പഴയ കായിക താരം വീണ്ടും അതേ മൈതാനത്ത് ഒരിക്കൽകൂടി മികവുള്ള ഓട്ടക്കാരിയായി. പരിശീലനം മുടങ്ങി പതിറ്റാണ്ടുകൾക്ക് ശേഷമാണ് മൈതാനത്ത് എത്തിയതെങ്കിലും പഴയ കായിക ശോഭ കെട്ടുപോയിട്ടില്ലെന്ന് മന്ത്രി തെളിയിച്ചു.
ലാൽബഹദൂർ സ്റ്റേഡിയത്തിന്‍റെ നിർമാണ ഘട്ടത്തിലാണ് ഒടുവിൽ മന്ത്രി ചിഞ്ചുറാണി ഓട്ടമത്സരത്തിൽ പങ്കെടുത്തത്. വിവിധ പ്രായത്തിലുള്ള കായിക താരങ്ങൾക്കൊപ്പം 100 മീറ്റർ ഓട്ട മത്സരത്തിൽ പങ്കെടുത്ത് ആദ്യ മൂന്നിൽ മന്ത്രി ഫിനിഷ് ചെയ്തു.
ALSO READ:ഗവര്‍ണറെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി?; രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയേക്കും
രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞില്ലായിരുന്നെങ്കില്‍ കായിക മികവിലൂടെ ജോലി സമ്പാദിക്കുമായിരുന്നുവെന്നാണ് മന്ത്രി പ്രതികരിച്ചത്. അന്തർ സർവകലാശാല മത്സരത്തിൽ ദേശീയ തലത്തിൽ മത്സരിച്ചിട്ടുണ്ട് ചിഞ്ചുറാണി.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും തൻ്റെ കായിക നേട്ടങ്ങൾ, കുട്ടിക്കാലത്തെ ജീവിത പ്രതിസന്ധിയുടെ ഓർമകളിൽ ഇഴചേർത്ത് ഏറെ വൈകാരികതയോടെ ചിഞ്ചുറാണി പല വേദികളിലും പ്രസംഗിച്ചിരുന്നു. ഭരണത്തിരക്കുകൾക്കിടയിൽ കായിക ഇനങ്ങളിൽ പങ്കെടുക്കാൻ സമയമില്ലെന്ന ചെറിയ നിരാശയും മന്ത്രി മറച്ചുവയ്ക്കുന്നില്ല.