കൊല്ലം: പരവൂർ നെടുങ്ങോലത്ത് ഇതരസംസ്ഥാന യുവതിക്ക് മർദനം. വീടുകളിലെത്തി മത്സ്യ വിൽപ്പന നടത്തുന്ന കർണാടക സ്വദേശിനി സുധയ്ക്ക് നേരെയായിരുന്നു ആക്രമണം. മോഷണസംഘാംഗമെന്ന് ആരോപിച്ചായിരുന്നു മർദനം.
നെടുങ്ങോലം സ്വദേശി മണികണ്‌ഠനാണ് യുവതിയെ മർദിച്ചത്. ഇയാളുടെ വീടിനുമുന്നിലെ മതിലിൽ യുവതി കൈ തുടച്ചതാണ് മണികണ്‌ഠനെ പ്രകോപിപ്പിച്ചത്. രാത്രിയിൽ മോഷണം നടത്തുന്നതിനായി മതിലിൽ അടയാളം രേഖപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: റിസോര്‍ട്ട് ഉടമയും ഏജന്‍റും അറസ്റ്റില്‍
നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു മർദനം. കൈ കൊണ്ടും വടികൊണ്ടും മുഖത്തും മുതുകിലുമടിച്ചു. പിന്നീട് മാർക്കറ്റിലെത്തി പരസ്യമായി അസഭ്യവര്‍ഷവും നടത്തി. യുവതിയെ മർദിച്ച കാര്യം ഓഡിയോ ക്ലിപ്പിലൂടെ ഇയാള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മണികണ്‌ഠനെതിരെ പരവൂർ പൊലീസ് കേസെടുത്തു.