കൊല്ലം: കൊറിയർ വഴി അയച്ച മാരക മയക്കുമരുന്ന് എക്‌സൈസ് സംഘം പിടികൂടി. ആശ്രാമം ചേക്കോട്ട് ജങ്‌ഷനിൽ പ്രവർത്തിക്കുന്ന കൊറിയർ സർവിസിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ പാഴ്‌സലായി എത്തിയത്. കൊറിയർ വാങ്ങാനെത്തിയ രണ്ട് പേരെ എക്‌സൈസ് പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു.
ചവറ പുത്തൻതെരുവ് സ്വദേശി നന്ദു (22), ആശ്രാമം സ്വദേശി ജാക്ക് എന്ന് വിളിക്കുന്ന അനന്ത വിഷ്‌ണു എന്നിവരാണ് എക്‌സൈസ് പിടിയിലായത്. ബെംഗളുരുവിലെ ഭട്ടാരഹള്ളി എന്ന സ്ഥലത്തും നിന്നും ആദർശ് എന്ന പേരിൽ നന്ദു, പുത്തൻവീട്, ആശ്രാമം എന്ന വിലാസത്തിലാണ് മയക്കുമരുന്ന് കൊറിയർ എത്തിയത്. ബന്ധപ്പെടേണ്ട മൊബൈൽ നമ്പരും പായ്‌ക്കറ്റിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു.
കൊറിയർ സർവിസിലെ ജീവനക്കാർക്ക് സംശയം തോന്നി എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. പരിശോധനയിൽ മയക്കുമരുന്നാണെന്ന സംശയത്തെ തുടർന്ന് എക്‌സൈസ് സംഘം ഇത് വാങ്ങാനെത്തുന്നവരെയും കാത്ത് കൊറിയർ സർവിസിന് സമീപത്ത് കാത്തുനിന്നു. കൊറിയർ സർവിസിൽ നിന്ന് പായ്‌ക്കറ്റിന് മുകളിൽ ബന്ധപ്പെടേണ്ട നമ്പരിൽ വിളിച്ച് കൊറിയർ വന്നിട്ടുണ്ടെന്നും വന്ന് വാങ്ങണമെന്നും അറിയിച്ചു.
ഇതനുസരിച്ച് മൂന്ന് യുവാക്കൾ എത്തി. എന്നാൽ കൊറിയർ കൈപ്പറ്റുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് സംശയം തോന്നി ജീവനക്കാരെ തള്ളിമാറ്റി മൂവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ എക്‌സൈസുകാർ രണ്ടുപേരെ പിടികൂടി. ഓടി രക്ഷപ്പെട്ടയാൾക്കായി എക്‌സൈസ് സംഘം തെരച്ചിൽ ആരംഭിച്ചു.
നന്ദുവിനെ ചോദ്യം ചെയ്‌തപ്പോൾ ഇയാൾ എൻജിനീയറിങ് വിദ്യാർഥിയാണെന്നാണ് എക്‌സൈസിനോട് പറഞ്ഞത്. ഏകദേശം 15 ഗ്രാം തൂക്കം വരുന്ന എംഡിഎംഎയാണ് കൊറിയറിൽ വന്നത്. ഒരു ഗ്രാമിന് വിപണിയിൽ 5000 രൂപയാണ് വില.