കൊല്ലം: മനുരാജ് വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പൊലീസ് പിടിയില്‍. കൂട്ടുപ്രതികളായ പുത്തൂർമുക്ക് അന്തമൺ ഷൈൻ ഭവനിൽ ബാബുവിനെയും പട്ടാഴി മരുതമൺ ഭാഗം പുലിചാനിവിള വീട്ടിൽ ചന്ദ്രനുമാണ് പിടിയിലായത്. കൊട്ടാരക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്. നേരത്തെ കേസിലെ പ്രതികളായ പട്ടാഴി സ്വദേശി പൗലോസ്( 71), കലയപുരം സ്വദേശി മോഹനൻ(44) എന്നിവരെ കൊട്ടാരക്കര ഡി.വൈ. എസ്പി സ്റ്റൂവർട്ട് കീലറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിരുന്നു.
കഴിഞ്ഞ ജനുവരി അഞ്ചിനാണ് മനുരാജിനെ വീടിന് സമീപമുള്ള പാറക്കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി രണ്ടാം തിയ്യതി മനുരാജിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ അശ്വതി പുത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്. തുടർന്നുനടന്ന അന്വേഷണത്തിലാണ് വീടിന് സമീപമുള്ള പാറക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് മരണത്തിൽ സംശയം ഉണ്ടെന്ന് കാട്ടി കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്‌ക്കേറ്റ അടിയാണെന്ന് പുറത്തുവന്നിരുന്നു. കൊലപാതകത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ. ജനുവരി രണ്ടിന് ഒന്നാം പ്രതി പൗലോസിന്‍റെ വീട്ടിൽ പണികഴിഞ്ഞ ശേഷം മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അടയ്ക്കാമരം വിറ്റ ഇനത്തിൽ മനുരാജും പൗലോസും തമ്മിൽ പണത്തെ ചൊല്ലി തർക്കമുണ്ടാവുകയും അടയ്ക്ക മരക്കമ്പ് കൊണ്ട് മനുരാജിന്‍റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. സംശയം തോന്നാതിരിക്കാൻ പ്രതികൾ രാത്രി പാറക്കുളത്തിൽ മനുവിന്‍റെ മൃതദേഹം ഇടുകയുമായിരുന്നു.