കൊല്ലം : കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് പോസ്റ്റ് ഓഫീസ് കത്തുകളുടെ ലോകം മാത്രമല്ല, മണികണ്ഠൻ എന്ന പോസ്റ്റുമാന്‍റെ ജീവിത ലോകം കൂടിയാണ്. കഴിഞ്ഞ 20 വർഷമായി ഉളിയകോവില്‍ സ്വദേശിയായ മണികണ്ഠൻ ഇവിടെ പോസ്റ്റ് മാനാണ്. പക്ഷേ കത്തുകൾ മാത്രമല്ല മണികണ്ഠന്‍റെ ജീവിതം. കഥയും നാടകവും പിന്നെ സിനിമയും അതാണ് മണികണ്ഠൻ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ നാടകത്തോട് തോന്നിയ കമ്പത്തിന് വർഷങ്ങൾക്ക് ഇപ്പുറവും മാറ്റം വന്നിട്ടില്ല. നടൻ ശ്രീനിവാസന്‍റെ കടുത്ത ആരാധകനാണ്.
അഭിനയ മോഹം തലയ്ക്ക് പിടിച്ച് പല ട്രൂപ്പുകളിലും അവസരങ്ങൾക്ക് വേണ്ടി അലഞ്ഞു. ഫലം ഉണ്ടായില്ല. ഒടുവിൽ അവസരം ലഭിച്ചപ്പോൾ ജോലിയുടെ സ്വഭാവം അതിന് വിലങ്ങുതടിയായി. അതിനിടെ മണികണ്ഠനെ തേടി സംവിധായിക വിധു വിൻസന്‍റ് എത്തി. മാൻഹോൾ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ലഭിച്ചതോടെയാണ് മണികണ്ഠനിലെ പ്രതിഭയെ സ്വന്തം നാട്ടുകാർ പോലും തിരിച്ചറിയുന്നത്. ജീവിതത്തിൽ നേരിട്ട അവഹേളനങ്ങൾ അയാളിലെ കലാകാരനെ നഷ്ടപ്പെടുത്തിയില്ല. ഒരു ചെറുകഥ എഴുതിയെങ്കിലും പ്രസിദ്ധീകരിക്കാനായില്ല. പക്ഷേ വായിച്ചവർ നല്‍കിയ അഭിപ്രായം മണികണ്ഠന് പ്രതീക്ഷ നല്‍കുന്നതാണ്.
വിധു വിൻസന്‍റിന്‍റെ വിമോചനത്തിലെ പാട്ടുകാർ, വെളിയം കമ്യുണിസത്തിന്‍റെ വെളിച്ചം എന്നീ ഡോകുമെന്‍റിറികളില്‍ അഭിനയിച്ചു. ചെയ്ത വേഷങ്ങൾ ചെറുതാണെങ്കിലും വർഷങ്ങളുടെ കാത്തിരിപ്പിന്‍റെ ഫലമായിരുന്നു അതെല്ലാം. ലെനിൻ രാജേന്ദ്രന്‍റെ സഹായിയായിരുന്ന ആര്യകൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച കാർട്ട് ബ്ലഞ്ചി എന്ന ഹ്രസ്വ ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ച നിശബ്ധ ചിത്രത്തിൽ ഏകാംഗ കഥാപാത്രമായി മണികണ്ഠൻ നിറഞ്ഞാടി. നാടകത്തോടും സിനിമയോടുള്ള നിലയ്ക്കാത്ത ഭ്രമത്തിന് പിന്തുണയുമായി സുഹൃത്തുക്കളും കുടുംബവും മണികണ്ഠന് ഒപ്പമുണ്ട്. ചന്ദനത്തോപ്പ് പോസ്റ്റ് ഓഫീസില്‍ നിന്ന് മണികണ്ഠൻ കത്തുകളുമായി ജീവിത യാത്ര തുടരുകയാണ്. മനസില്‍ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രം.