കൊല്ലം: ഓണത്തെ സമൃദ്ധമാക്കാന്‍ നേന്ത്രവാഴത്തോട്ടങ്ങളില്‍ വിളവെടുപ്പിന്‍റെ ഉത്സവം. വിപണിയിലേക്ക് അന്യനാടുകള്‍ താണ്ടിയുള്ള നേന്ത്രക്കുലകൾ എത്തുന്നുണ്ടെങ്കിലും നാടന്‍ കായയുടെ സ്വാദ് അറിയുന്നവര്‍ നാട്ടിന്‍ പുറങ്ങളിലെ തോട്ടങ്ങളില്‍ വിളയുന്നവയാണ് ചോദിച്ചു വാങ്ങുന്നത്. നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന മങ്ങാട് മേഖലയിലെ കാര്‍ഷിക കൂട്ടായ്‌മ ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്‌ത നേന്ത്രവാഴകളുടെ വിളവെടുപ്പ് സമയമാണിത്.
കഴിഞ്ഞ ആഴ്‌ച 250 കിലോയോളം വിറ്റുപോയി. ഇനിയും 350 കിലോയോളം നേന്ത്രക്കുല വിളവെടുപ്പിന് തയ്യാറായിട്ടുണ്ട്. കൂടുതലും കൃഷിഭവന്‍റെ എക്കോ ഷോപ്പിലേക്കാണ് കുലകള്‍ കൊടുക്കുന്നതെങ്കിലും ആവശ്യക്കാരുടെ ബുക്കിങ് ഇതിനകം തന്നെ നടന്നു കഴിഞ്ഞുവെന്ന് കര്‍ഷകര്‍ പറയുന്നു. ശര്‍ക്കര ഉപ്പേരി, ചിപ്‌സ് എന്നിവ ഉണ്ടാക്കാന്‍ വലിയ തോതില്‍ നേന്ത്രക്കായ ആവശ്യം വരുന്നതും വിൽപ്പനയ്‌ക്ക് സഹായകരമായി.
മങ്ങാട് കര്‍ഷക കൂട്ടായ്‌മ അംഗങ്ങളായ വിരമിച്ച കെ.എസ്.ഇ.ബി ജീവനക്കാരന്‍ പ്രേമാനന്ദ്, അഭിഭാഷകനായ പ്രമോദ്, വിരമിച്ച എസ്.ഐ രാജന്‍ലാല്‍, രാജേന്ദ്രന്‍ പനമൂട്, കൗണ്‍സിലര്‍ ഗിരീഷ്, മനോജ്, ശരത്, സജന്‍ എന്നിവരാണ് മങ്ങാട് കളരിമുക്ക് സന്തോഷ് ലൈബ്രറിക്ക് സമീപത്തെ 90 സെന്‍റ് സ്ഥലത്ത് നേന്ത്രവാഴ കൃഷി ആരംഭിച്ചത്.
കിളികൊല്ലൂര്‍ കൃഷി ഭവന്‍റെ സഹകരണത്തോടെ ആരംഭിച്ച നേന്ത്ര വാഴകൃഷി കഴിഞ്ഞ മഴയില്‍ കനത്ത നഷ്‌ടമാണുണ്ടാക്കിയത്. കൊവിഡ് രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് ഓണങ്ങളിലും വിപണിയില്‍ കാര്യമായ കച്ചവടം നടന്നിരുന്നില്ല. ഇതിനൊപ്പം കാലാവസ്ഥ പ്രശ്‌നങ്ങള്‍ കൂടിയായതോടെ വിളവും കുറഞ്ഞു.
എന്നാൽ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുലകള്‍ക്ക് നല്ല വില കിട്ടുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ നാടന്‍ നേന്ത്രക്കായ കിലോക്ക് 70-80 രൂപ വരെ വിലയുണ്ട്. കര്‍ഷകന് 50-60 രൂപ വരെ ലഭിക്കുന്നുമുണ്ട്. ഇപ്പോള്‍ തന്നെ നല്ല വിലയുളള സാഹചര്യത്തില്‍ ഉത്രാടമെത്തും മുന്‍പേ കിലോയ്‌ക്ക് 100 രൂപക്ക് മുകളിലെത്തുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കുണ്ട്.