കൊല്ലം : Kollam Murder: കൊല്ലം ബീച്ചിന് സമീപം വെടിക്കുന്നിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ തോപ്പ് ഡോൺബോക്കോ കോളനിയിൽ ഷിബു (39) നെ അറസ്റ്റ് ചെയ്‌ത് ഈസ്‌റ്റ് പൊലീസ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ വലയിലാക്കിയത്.
കൊല്ലം എസിപി ജി.ഡി വിജയകുമാറിന്‍റെ നിർദ്ദേശാനുസരണം കൊല്ലം ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടർ ആർ രതീഷ്, എസ്ഐ രാജ് മോഹൻ, ജയലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
വെടിക്കുന്ന് പുതുവൽപുരയിടത്തിൽ ശശിയുടെ മകൻ കന്‍റോൺമെന്‍റ് ഹൈസ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മഹേഷ് (34) ആണ് കൊല്ലപ്പെട്ടത്. അവിവാഹിതനായ മഹേഷ് 8 വർഷം മുമ്പ് വെടിക്കുന്നിൽ നിന്നും താമസം മാറി കന്‍റോൺമെന്‍റിൽ അമ്മയോടൊപ്പമാണ് താമസം.
ഇയാൾ ബന്ധുക്കളെ കാണാൻ സ്ഥിരമായി വെടിക്കുന്നിൽ എത്താറുണ്ട്. ശനിയാഴ്‌ച രാത്രി ഷിബുവും മഹേഷും ബന്ധു ബാബുവും വെടിക്കുന്ന് അംഗൻവാടിക്ക് സമീപം സംസാരിച്ച് നിൽക്കുകയായിരുന്നു. ഇവിടേക്ക് വന്ന ബാബു മഹേഷിനോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു.
തുടർന്ന് മഹേഷ് ഷിബുവുമായി വാക്കേറ്റമുണ്ടാകുകയും മഹേഷ് ഷിബുവിനെ അടിക്കുകയും ചെയ്‌തു. തുടർന്ന് ഷിബു കല്ല് എടുത്ത് മഹേഷിന്‍റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ മഹേഷിനെ നാട്ടുകാർ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.