കൊല്ലം: ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ആവണീശ്വരം സ്വദേശി രാഹുൽ(29) ആണ് മരിച്ചത്. രാഹുൽ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു. കുത്തേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിഷ്ണു സഹോദരൻ വിനീത് എന്നിവരുടെയും സ്ഥിതി ഗുരുതരമായി തുടരുന്നു.
ഇന്നലെ രാത്രി കൊട്ടാരക്കര സ്വകാര്യ ആശുപത്രിക്ക് മുന്നിലുണ്ടായ സംഘർഷത്തിലാണ് രാഹുലിന് കുത്തേറ്റത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമായിരുന്നു കാരണം. ആംബുലൻസ് ഡ്രൈവർ സിദ്ദിഖിനെ വിഷ്ണുവും കൂട്ടരും ചേർന്ന് കുന്നിക്കോട് വച്ചു മർദിച്ച് അവശരാക്കിയിരുന്നു. തുടർന്ന് പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാനായി വിഷ്ണുവിനെയും വിനീതിനെയും കൊട്ടാരക്കര വിജയാസ് ആശുപത്രിയ്ക്ക് മുന്നിലേക്ക് സിദ്ദിഖിന്‍റെ ആളുകൾ വിളിപ്പിച്ചു.
ALSO READ : തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനത്തിന് 27.37 കോടി
തുടർന്ന് ഇരുകൂട്ടരും അടിപിടിയിലെത്തി. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും രാഹുലിന്‍റെ മരണത്തോടെ കേസ് കൊലപാതകമായി മാറി.