കൊല്ലം: ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് നടത്തിയ വീടാക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവട്ടത്ത് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തടത്തില്‍ വീട്ടില്‍ സുരേഷ് ബാബു ആണ് മരിച്ചത്. ഒമ്പതംഗ അക്രമി സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
സുരേഷ് ബാബുവിന്‍റെ മകന്‍ സുര്‍ജിത്തും അയല്‍വാസിയായ മോഹനന്‍ എന്നയാളുമായി വിളക്കുവട്ടം ജങ്ഷനില്‍ വച്ച് വാക്ക് തര്‍ക്കമുണ്ടായിരുന്നു. വീടിന് മുന്നിലെ വഴിയില്‍ ബൈക്ക് നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഈ സംഭവത്തിന് തുടര്‍ച്ചയായി മോഹനന്‍റെ നേതൃത്വത്തിലുളള ഒമ്പതംഗ സംഘം രാത്രിയോടെ സുര്‍ജിത്തിന്‍റെ വീടാക്രമിക്കുകയായിരുന്നു. മകനെ ആക്രമിക്കുന്നതു കണ്ട് രക്ഷപ്പെടുത്താനെത്തിയ സുരേഷ് ബാബുവിനും മര്‍ദനമേറ്റു.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സുരേഷ് ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമത്തിന് നേതൃത്വം നല്‍കിയ മോഹനനും സംഘത്തില്‍ ഉണ്ടായിരുന്ന സുനിലുമാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. മറ്റുളളവര്‍ക്കായി അന്വേഷണം തുടരുകയാണ്.