കൊല്ലം: ലോക്ക്ഡൗണിന്‍റെ മറവിൽ ചാരായം വാറ്റിയ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശക്തികുളങ്ങര മല്ലേഴത്ത്‌കാവ് സ്വദേശി സന്തോഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. രഹസ്യവിവരത്തെ തുടർന്ന് ശക്തികുളങ്ങര എസ്ഐ ബിജുവിന്‍റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ റെയ്‌ഡിലാണ് ഇയാളെ പിടികൂടിയത്. പൊലീസ് വീട്ടിൽ എത്തുമ്പോൾ ഇയാൾ വാറ്റി കൊണ്ടിരിക്കുകയായിരുന്നു. വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും കോടയും ചാരായവും പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.
ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലെ തുരുത്തുകളില്‍ വ്യാപകമായാണ് വ്യാജവാറ്റ് നടക്കുന്നത്. പൊലീസിന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് വാറ്റ് സംഘങ്ങൾ ചാരായം വാറ്റാൻ തുരുത്തുകൾ തിരഞ്ഞെടുക്കുന്നത്. വാറ്റ് നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ച് തുരുത്തിൽ എത്തിയാലും ഇവരെ പിടികൂടാൻ കഴിയില്ല. വാറ്റ് ഉപകരണങ്ങൾ കായലിൽ തള്ളിയാണ് വാറ്റുകാർ രക്ഷപ്പെടുന്നത്. ഇത് തടയാന്‍ പൊലീസ് ഡ്രോൺ ക്യാമറ ഉപയോഗിച്ച് തുരുത്തുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് തീരുമാനമെന്ന് എസ്ഐ ബിജു അറിയിച്ചു. രാത്രിയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: ഇടുക്കി വനമേഖലയില്‍ നിന്ന് 30 ലിറ്റര്‍ ചാരായം പിടികൂടി
ലോക്ക്ഡൗണിൽ മദ്യശാലകൾ പ്രവർത്തിക്കാത്തതിനെ തുടർന്നാണ് വ്യാജ ചാരായ വാറ്റ് ലോബികൾ സജീവമായത്. വീടുകളും ആൾപാർപ്പില്ലാത്ത പുരയിടങ്ങളും തുരുത്തുകളും കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് നടക്കുന്നത്. പൊലീസും എക്‌സൈസും റെയ്‌ഡുകളും പരിശോധനകളും ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ച് പലയിടങ്ങളിലും വാറ്റ് നടക്കുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി വ്യാജവാറ്റ് സംഘങ്ങളെ പൊലീസ് പിടികൂടി.
Also read: മലപ്പുറത്ത് 1000 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും പിടികൂടി