കൊല്ലം: പൂക്കളുടെ ലോകത്താണ് ദേവികയും കുടുംബവും. കഴിഞ്ഞ പതിനഞ്ച് വർഷമായി പൂക്കൾ വില്പന നടത്തുന്ന മൂന്ന് കടകൾ ദേവികയുടെ അമ്മ രാജിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്നുണ്ട്. കൊല്ലം ജില്ലയിലെ പടിഞ്ഞാറേകല്ലട സ്വദേശിയായ ദേവികയ്ക്ക് പൂക്കളോട് ഇഷ്ടം കൂടാനുള്ള കാരണം സ്വന്തം കടകൾ തന്നെയാണ്. പക്ഷേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദേവികയുടെ ലോകം വീടിനകത്ത് അടച്ചിടപ്പെട്ടു. പക്ഷേ വിട്ടുകൊടുക്കാൻ കുന്നത്തൂർ അംബികോദയം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ദേവിക തയ്യാറായില്ല.
വീട്ടിലെ ഉപയോഗ ശൂന്യമായ കോട്ടൻ തുണികളില്‍ പൂക്കൾ നിർമിക്കാൻ തുടങ്ങിയ ദേവിക പൂക്കാലം തന്നെ വീട്ടിലൊരുക്കി. ചില്ല് കുപ്പികളിലും മുളയിലും പൂക്കൾ അലങ്കരിച്ചു. അനിയത്തി ശിവപ്രിയ കൂടി ചേർന്നതോടെ ഉഷാലയം പൂങ്കാവനമായി. അമ്മ രാജിയും പടിഞ്ഞാറെ കല്ലട മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ ശിവരാജനും പൂർണ പിന്തുണയുമായി മക്കൾക്കൊപ്പമുണ്ട്. ഉപയോഗശൂന്യമായ വസ്‌തുക്കളില്‍ തീർത്ത കരകൗശല വസ്‌തുക്കളാണ് ദേവികയുടെ വീട് മുഴുവൻ. ചില്ല് കുപ്പികൾ, വീട്ടില്‍ വളർത്തുന്ന മുളയില്‍ പെയിന്‍റിങ് വർക്കുകൾ എന്നിവയും ദേവിക ചെയ്യുന്നുണ്ട്.