കൊല്ലം: തിരുവനന്തപുരം ഭാഗത്തു നിന്നും രാത്രി കൊല്ലം തീരക്കടലില്‍ വള്ളങ്ങളിലെത്തി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തിയ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കി. മറൈന്‍ എന്‍ഫോഴ്സ്മെന്‍റും കോസ്റ്റല്‍ പൊലീസും ചേര്‍ന്നാണ് പരിശോധന. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറാണ് പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഗൂഗിള്‍ മീറ്റ് വഴി നടന്ന ഉന്നത തല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പരിശോധനകള്‍ക്ക് കസ്റ്റംസിന്‍റ സേവനം ഉപയോഗപ്പെടുത്തണമെന്നും കലക്ടര്‍ ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കൃത്യമായ രേഖകളില്ലാതെ ജില്ലയിലെത്തുന്ന അതിഥി തൊഴിലാളികളെ പരിശോധിച്ച് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും കച്ചവട സ്ഥാപനങ്ങളില്‍ തിരക്കൊഴിവാക്കാന്‍ ഉപയോഗിക്കുന്ന ക്യു ആര്‍ കോഡ് സംവിധാനം കാര്യക്ഷമമാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. വിഡ് പോസിറ്റീവ് ആകുന്ന കുടുംബങ്ങളിലെ രോഗബാധിതരല്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കേന്ദ്രങ്ങളില്‍ സംരക്ഷണ സൗകര്യം ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.
കൊവിഡ് രോഗവ്യാപനം ചെറുക്കാന്‍ വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച സംരക്ഷിത കുടുംബ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും അവ നിരീക്ഷിക്കുന്ന പഞ്ചായത്ത്-അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കും. ഇവരുടെ പ്രവരത്തന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഈ മാസം സെപ്റ്റംബറില്‍ നടക്കുന്ന നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും യോഗം തീരുമാനിച്ചു.