കൊല്ലം: അഭിഭാഷകനെ പൊലീസ് ലോക്കപ്പിലിട്ട് മര്‍ദിച്ചെന്നാരോപിച്ച് അഭിഭാഷകര്‍ കൊല്ലത്തെ കോടതിയില്‍ വളപ്പില്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. കോടതി ഡ്യൂട്ടിയിലിരുന്ന പള്ളിത്തോട്ടം സ്‌റ്റേഷനിലെ എഎസ്ഐ മനോരഥന്‍ പിള്ളക്കാണ് പരിക്കേറ്റത്. പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പിന്‍റെ ചില്ല് തകര്‍ക്കുകയും വയർലസ് സെറ്റ് നശിപ്പിക്കുകയും ചെയ്തു. കൂടാതെ കേസ് നടപടികള്‍ക്കായി തിരുവനന്തപുരത്ത് നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിഭാഷക സംഘം തടഞ്ഞ് വച്ചു.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ കോടതി നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കോടതി പരിസരത്ത് നടന്ന അക്രമങ്ങളെ അനുകൂലിക്കുന്നില്ലെന്നും, അക്രമം കാട്ടിയവരെ തിരുത്തുമെന്നും അവർ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പരിക്കേറ്റ ഉദ്യോഗസ്ഥനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെപ്‌റ്റംബര്‍ അഞ്ചിനാണ് വാഹന അപകടവുമായി ബന്ധപ്പെട്ട കേസില്‍ ജയകുമാര്‍ എന്ന അഭിഭാഷകനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ലോക്കപ്പിലിട്ട് മര്‍ദിക്കുകയായിരുന്നെന്നാണ് അഭിഭാഷകരുടെ ആരോപണം. അതേസമയം ജയകുമാറിനെ മര്‍ദിച്ചിട്ടില്ലെന്നും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്‍റെ വാദം.