കൊല്ലം: ഇഎംസിസി ബോംബാക്രമണ കേസിൽ നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ മൊഴിയെടുക്കല്‍ രണ്ട് മണിക്കൂറിലേറെ നീണ്ടു. നിയമസഭ തെരഞ്ഞെടുപ്പ് ദിവസം ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിന്‍റെ വാഹനത്തിന് നേരെ ബോംബേറുണ്ടായ സംഭവത്തിലാണ് നടിയെ പൊലീസ് ചോദ്യം ചെയ്തത്. ഷിജു വര്‍ഗീസ് തന്നെയാണ് ഇത് ആസൂത്രണം ചെയ്തതെന്ന് പിന്നീട് വ്യക്തമായിരുന്നു. പിന്നീട് ഇയാള്‍ അറസ്റ്റിലുമായി.
നടി പ്രിയങ്ക അരൂരിൽ ഡിഎസ്ജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഷിജു വർഗീസ് ഇതേ പാർട്ടിയുടെ സ്ഥാനാർഥിയായി കുണ്ടറയിലും മത്സരിച്ചു. തീരദേശത്തെ 30 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായിരുന്നു ബോംബേറ് നാടകമെന്നും വിവാദ ദല്ലാൾ നന്ദകുമാറാണ് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
also read: അക്ഷരയ്ക്കും അനന്തുവിനും തൊഴില്‍ വേണം, ഒടുങ്ങാത്ത അവഗണനയിലും ജീവിതം കരുപ്പിടിപ്പിക്കാന്‍
നാട്ടുകാർക്ക് നല്ലത് ചെയ്യാമെന്ന് കരുതിയാണ് സ്ഥാനാർഥിയായത്. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നരലക്ഷം രൂപയാണ് പാർട്ടിയിൽ നിന്ന് ലഭിച്ചത്. നന്ദകുമാറുമായി വ്യക്തിപരമായി ഉണ്ടായിരുന്ന പരിചയമാണ് സ്ഥാനാർഥിത്വത്തിന് കാരണം. നന്ദകുമാറിൽ നിന്ന് മാനസികമായി ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹിയിലുള്ള നന്ദകുമാറിന് രണ്ടുതവണ അന്വേഷണസംഘം നോട്ടിസ് അയച്ചിരുന്നു. എന്നാൽ ഇതുവരെയും നന്ദകുമാർ പൊലീസിനുമുന്നിൽ എത്തിയിട്ടില്ല.