കൊല്ലം: സ്വന്തമായി ഒരു വീടെന്ന സ്വപ്നം മാറ്റിവച്ച് ആ തുകക്ക് അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ വീടുകൾ തോറും കയറി ഇറങ്ങി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുകയാണ് കുളക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജേഷ്. നിർധനരായ 110 കുടുംബങ്ങൾക്കാണ് ഇതിനോടകം ഭക്ഷണ കിറ്റ് വിതരണം ചെയ്തത്. വീട് നിർമാണത്തിന് വായ്പയെടുത്ത തുകയിൽ നിന്ന് ഒരു ഭാഗം മാറ്റിവെച്ചാണ് കിറ്റ് ഒരുക്കുന്നത്. അരി, വെളിച്ചെണ്ണ, ഗോതമ്പ്, പഞ്ചസാര, തേയില, കാപ്പിപ്പൊടി, തേങ്ങ തുടങ്ങിയ പലചരക്ക് സാധനങ്ങളും പച്ചക്കറികളും അടങ്ങുന്ന കിറ്റാണ് നൽകുന്നത്.
ലോക്ക് ഡൗണിന്‍റെ തുടക്കത്തിൽ തന്നെ വാട്സ്ആപ്പ് കൂട്ടായ്മകള്‍ വഴി ഭക്ഷണകിറ്റുകൾ ആവശ്യമുള്ളവർ ബന്ധപ്പെടാൻ രാജേഷ് സന്ദേശം അയച്ചിരുന്നു. കുളക്കടയിൽ നിന്ന് പലചരക്ക് സാധനങ്ങളും പച്ചക്കറിയും തയ്യാറാക്കി മറ്റ് സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് വിതരണം ചെയ്യുന്നത്. സഹായത്തിനായി വിളിച്ചാല്‍ അർഹതപ്പെട്ടവർക്ക് രാജേഷിന്‍റെ സ്നേഹ കിറ്റുകള്‍ എത്താതിരിക്കില്ല.