കൊല്ലം:തങ്ങളുടെ ദീർഘനാളത്തെ ആവശ്യങ്ങൾ നിറവേറ്റുന്നവർക്കേ വോട്ടുള്ളു എന്ന ഫ്ലക്‌സ് സ്ഥാപിച്ച് കൊട്ടാരക്കര കുളക്കട ഗ്രാമപഞ്ചായത്തിലെ പെരുങ്കുളം പത്താം വാർഡ് സ്വദേശികൾ. നാടിന്‍റെ ഇരുപതിനം ആവശ്യങ്ങൾ ഉന്നയിച്ചാണ് നാട്ടുകാർ ഫ്ലെക്‌സ് ബോർഡുകൾ സ്ഥാപിച്ചത്. തൊഴിൽ പരിശീലന കേന്ദ്രം, കെ.എസ്.ആർ.ടി.സി സർവീസ്, അമിത ഭാരം കയറ്റിയുള്ള ലോറികളുടെ ക്രഷറി സഞ്ചാരം തടയുക, എല്ലാ വീടുകളിലും ശൗചാലയവും കിണറും, സൗരോർജ വിളക്കുകൾ, ആരോഗ്യകേന്ദ്രത്തിലെ ഡോക്‌ടറുടെ സ്ഥിര നിയമനം തുടങ്ങി ഇരുപതിനം ആവശ്യങ്ങളാണ് നാട്ടുകാർ വോട്ടിന് പകരമായി മുന്നോട്ട് വെക്കുന്നത്.
വിദ്യാഭ്യാസവും കാര്യപ്രാപ്‌തിയുമുള്ള സ്ഥാനാർഥിയെ നിർത്തി തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഉറപ്പ് നൽകുന്നവർക്കെ വോട്ട് ചെയ്യൂ എന്ന അടിക്കുറിപ്പോടെ ആണ് ഫ്ലക്‌സ്‌കൾ സ്ഥാപിച്ചിരിക്കുന്നത്. വാർഡിൽ എൽ.ഡി.എഫിന്‍റെ സ്ഥാനാർഥിയായി ഷിബി തങ്കച്ചനും യു.ഡി.എഫിന്‍റെ നിർമ്മലയും എൻ.ഡി.എയുടെ സാരഥിയായി അഖിലാ മോഹനുമാണ് മത്സരിക്കുന്നത്.