കൊല്ലം : ശമ്പളം ലഭിക്കാത്തതിനെതിരെ സംസ്ഥാനമൊട്ടാകെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പ്രതിഷേധം. സർക്കാരിൽ നിന്ന് 30 കോടി രൂപ ലഭിച്ചിട്ടും ശമ്പള വിതരണത്തിൽ പാളിച്ചഉണ്ടായെന്ന് ഭരണപക്ഷ അനുകൂല സംഘടനയായ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ ആരോപിച്ചു. സർക്കാരിനും മാനേജ്‌മെന്‍റിനുമെതിരെയാണ് ഐ.എൻ.ടി.യു.സി, ബി.എം.എസ് സംഘടനകളുടെ പ്രതിഷേധം.
ഡിസംബർ അവസാനവാരം ആയിട്ടും നവംബർ മാസത്തെ ശമ്പളം ലഭിക്കാത്തതാണ് സംസ്ഥാനമൊട്ടാകെ ജീവനക്കാരെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത്. ഉദ്യോഗസ്ഥരെ ഓഫിസിലേക്ക് കയറ്റി വിടാതെയായിരുന്നു കൊല്ലം ഡിപ്പോയിൽ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചത്. ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിന് കാരണം മാനേജ്‌മെന്‍റിന്‍റെ പിടിപ്പുകേടാണെന്ന് സമരക്കാർ ആരോപിച്ചു.
കോൺഗ്രസ് അനുകൂല സംഘടനയായ കെ.എസ്.ടി വർക്കേഴ്‌സ് യൂണിയനും പ്രതിഷേധിച്ചു. ഒരുവശത്ത് ജീവനക്കാർ സമരം ചെയ്യുമ്പോൾ മറുവശത്ത് കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചവരുടെ സമരവുമുണ്ട്. പെൻഷൻ ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
സർക്കാരിന് എപ്പോഴും സഹായിക്കാൻ സാധിക്കില്ലെന്ന് കഴിഞ്ഞദിവസം ധനമന്ത്രി വ്യക്തമാക്കിയതോടെ ശമ്പളവിതരണത്തിന് ദിവസവരുമാനമാണ് കോർപ്പറേഷന് മുന്നിലുളള വഴി.