കൊല്ലം: കൊട്ടാരക്കര പിടിക്കാന്‍, ഇടതുകോട്ടയായ കലയപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ അട്ടിമറി വിജയം നേടിയ ആര്‍ രശ്മിയെ രംഗത്തിറക്കി യുഡിഎഫ്. നിയമസഭയിലേക്ക് കന്നിപ്പോരാട്ടത്തിനിറങ്ങിയ രശ്മി തികഞ്ഞ വിജയപ്രതീക്ഷയിലാണ്. വനിതയിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്ത മണ്ഡലം തിരിച്ചുപിടിക്കാനാണ് രശ്മിയെ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്.
മോസ്‌കോ എന്നറിയപ്പെട്ടിരുന്ന താഴത്ത്കുളക്കട വാര്‍ഡ് 2005 ല്‍ എല്‍ഡിഎഫില്‍ നിന്ന് രശ്മി പിടിച്ചെടുത്തിരുന്നു. 2010 ലും ഇവിടെ വിജയം ആവര്‍ത്തിച്ചു. 2015 ല്‍ ജില്ലാ ഡിവിഷനിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. അങ്ങനെ കലയപുരം ഡിവിഷനില്‍ നിന്നും വിജയിച്ചു. 2020 ലും ഇവിടെനിന്ന് വിജയിച്ചു.
ഇതോടെ കൊട്ടാരക്കര തിരിച്ചുപിടിക്കാനും രശ്മി വേണമെന്ന് ആവശ്യമുയര്‍ന്നു. മുന്നണിയുടെ പ്രതീക്ഷ കാക്കാന്‍ തനിക്കാവുമെന്ന് രശ്മി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇടത് കോട്ടകള്‍ പിടിച്ചെടുക്കുകയും വിജയം ആവര്‍ത്തിക്കുകയും ചെയ്ത ചരിത്രമുള്ള രശ്മിയിലൂടെ കൊട്ടാരക്കര യുഡിഎഫ് പക്ഷത്തെത്തുമെന്ന് നേതാക്കളും അവകാശപ്പെടുന്നു.