കൊല്ലം: ക്ലാപ്പനയിൽ ക്വാറന്റൈനില്‍ കഴിഞ്ഞ കൊട്ടാരക്കര സ്വദേശി മരിച്ച നിലയില്‍. കൊട്ടാരക്കര പുലമൺ പുളിയില വീട്ടിൽ സന്തോഷ് കുമാറാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രികാണാതായ ഇയാളുടെ മൃതദേഹം സമീപത്തെ തോട്ടിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ 26 ന് ദുബൈയില്‍ നിന്നെത്തിയ സന്തോഷ് 27 നാണ് ക്ലാപ്പനയിലെ ക്വാറന്റൈന് കേന്ദ്രത്തിലെത്തിയത്.
രാത്രി ഒന്നാം നിലയിൽ നിന്നും ചാടിയ ശേഷം മതിൽ ചാടി കടന്നപ്പോൾ ചതുപ്പിൽ പുതഞ്ഞു പോയതാകാമെന്ന് പൊലീസ് പറയുന്നത്. ഇയാൾ മദ്യത്തിനായി ബഹളമുണ്ടാക്കിയതായും അധികൃതര്‍ അറിയിച്ചു. ഫയർഫോഴ്സിന്റെ സഹായത്തോടെ ഓച്ചിറ പൊലീസ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.