കൊല്ലം: മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കൊല്ലം ലോക്സഭാ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശക്തമായ താക്കീത്. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കശുവണ്ടി തൊഴിലാളികള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കവെയാണ് പ്രേമചന്ദ്രന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജനാണ് വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രേമചന്ദ്രനോട് വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ താക്കീത് നല്‍കിയത്.
ഒപ്പം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന്‍റെ ചിത്രം പതിച്ച ടീഷര്‍ട്ടുകള്‍ ധരിച്ചുകൊണ്ട് കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതി വിതരണം ചെയ്ത സംഭവത്തേയും കമ്മീഷന്‍ താക്കീത് ചെയ്തു. യുഡിഎഫ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 24 മണിക്കൂറിനകം സംഘാടകര്‍ മറുപടി നല്‍കണം. ഭക്ഷണ വിതരണം നടത്താന്‍ ഡിവൈഎഫ്ഐയ്ക്ക് തടസമില്ലെന്നും എന്നാല്‍ സ്ഥാനാര്‍ഥിയുടെ പേരോ ചിഹ്നമോ ഭക്ഷണപ്പൊതിയില്‍ ഉള്‍പ്പെടുത്തരുതെന്നും കലക്ടർ നിര്‍ദ്ദേശം നൽകി.