കൊല്ലം: ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നീ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലെ 232 കേന്ദ്രങ്ങളിലായി 30,970 വിദ്യാര്‍ഥികള്‍. ഇതില്‍ 15,311 പേര്‍ ആണ്‍കുട്ടികളും 15,659 പേര്‍ പെണ്‍കുട്ടികളുമാണ്. 804 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന വിമല ഹൃദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തിയത്. മൂന്ന് പേര്‍ മാത്രമുള്ള പേരയം എന്‍.എസ്.എസ്.എച്ച്.എസിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍.
കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നീ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പരീക്ഷ എഴുതാന്‍ പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കിയിട്ടുണ്ട്. കൊവിഡ് ബാധിതര്‍ പരീക്ഷാഹാളിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പായി ചോദ്യപേപ്പറും ഉത്തരം എഴുതുന്നതിനുള്ള പേപ്പറും ഹാളില്‍ ക്രമീകരിച്ചിരിക്കും. പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസ് വിദ്യാര്‍ഥികള്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കവറുകളില്‍ വെയ്ക്കണം.
നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളായിരുന്ന സ്‌കൂളുകള്‍ ഫയര്‍ഫോഴ്‌സിന്‍റെയും ജീവനക്കാരുടേയും നേതൃത്വത്തില്‍ അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ അറിയിച്ചു.