കൊല്ലം : കനത്ത മഴയെ തുടർന്ന് ജില്ലയിൽ കടൽക്ഷോഭം രൂക്ഷം. ആലപ്പാട് അഴീക്കൽ, ഇരവിപുരം തീരദേശങ്ങളിലാണ് കടൽക്ഷോഭം കടുത്തിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.
കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച മഴ ജില്ലയിലാകെ ദുരിതം വിതച്ചിരിക്കുകയാണ്. കിഴക്കൻ മലയോര മേഖലയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറുകയും ചെയ്‌തു. തൃക്കോവിൽവട്ടത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇവിടെ ഒരു ദുരിതാശ്വാസ ക്യാമ്പും ആരംഭിച്ചു. കടൽ പ്രക്ഷുബ്‌ധമായി തുടരുന്നതിനാൽ നാല് ബാർജറുകൾ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. തീരദേശ മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. മഴയും തിരകളും ശക്തമായാൽ തീരദേശ നിവാസികളെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കും.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ഇന്ന് കൊവിഡ് വാക്‌സിനേഷൻ നടത്തില്ലെന്ന് അധികൃതർ അറിയിച്ചു.