കൊല്ലം: ജൂലൈ 18 മുതല്‍ 20 വരെ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ ദിവസങ്ങളില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്.
പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിലുള്ളവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണം. മാറി താമസിക്കേണ്ട സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. വിലപിടിപ്പുള്ള സാധനങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ഉയര്‍ന്ന സ്ഥലത്ത് വീട്ടില്‍ സൂക്ഷിക്കാം. അടിയന്തര സാഹചര്യത്തില്‍ എമര്‍ജന്‍സി കിറ്റുമായി സുരക്ഷിത സ്ഥലത്തേക്ക് മാറണം. മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം, ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണം, നദി മുറിച്ചു കടക്കരുത്, ചാലുകളിലും വെള്ളകെട്ടുകളിലും മഴയത്ത് ഇറങ്ങാതിരിക്കുക, നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക തുടങ്ങിയവയാണ് പൊതു നിര്‍ദേശങ്ങള്‍. അടിയന്തര സഹായത്തിനായി അധികൃതരുമായി ബന്ധപ്പെടണം. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍ മെയിന്‍ സ്വിച്ച് ഓഫ് ആക്കണം.
1077 ആണ് അടിയന്തര സാഹചര്യത്തില്‍ വിളിക്കേണ്ട നമ്പര്‍. ജില്ലയ്ക്ക് പുറത്തു നിന്ന് വിളിക്കുന്നവര്‍ എസ്ടിഡി കോഡ് ചേര്‍ക്കണം. അസുഖമുള്ളവര്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് ദുരന്ത സാഹചര്യം വന്നാല്‍ പ്രത്യേക പരിഗണ നല്‍കണം. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യണം. ഫ്‌ളാറ്റുകളുടെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യരുത് എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.