കൊല്ലം: പുല്ലാമല സെമിനാരിയിലെ പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്രിസ്‌ത്യന്‍ പുരോഹിതനെ 18 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ചെന്നൈ ആസ്ഥാനമായുള്ള എസ്‌ഡിഎം മൈനർ സെമിനാരി അംഗമായ ഫാ. തോമസ് പാറേക്കുളത്തിനെതിരെയാണ് നടപടി. 5 വര്‍ഷം മുന്‍പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
മൂന്ന് കേസുകളില്‍ അഞ്ച് വര്‍ഷം വീതവും, ഒരു കേസില്‍ മൂന്ന് വര്‍ഷവുമാണ് വൈദികന് തടവ് കാലാവധി. ഓരോ കേസുകള്‍ക്കും ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകാനും കൊല്ലം അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി (പോക്‌സോ) കെഎൻ സുജിത്ത് ഉത്തരവിട്ടു. ഇരകൾക്ക് ശാരീരികവും മാനസികവുമായുണ്ടായ ആഘാതത്തിന് ആനുപാതികമായി നഷ്‌ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് (ഡിഎൽഎസ്എ) കോടതി ശുപാർശ ചെയ്‌തിട്ടുണ്ട്.
പൊലീസ് കസ്‌റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി ഒളിവില്‍ പോയിരുന്നു. ഇയാളെ ചെന്നൈയില്‍ നിന്നും അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്ന് ജില്ല പബ്ലിക് പ്രോസിക്യൂട്ടറിന്‍റെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിയത്.
Also read: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച ഡെപ്യുട്ടി തഹസിൽദാർ കുറ്റക്കാരനെന്ന് പോക്‌സോ കോടതി