കൊല്ലം : കഞ്ചാവ് കേസില്‍ പൊലീസിനെ വെട്ടിച്ചുകടന്ന മുഖ്യപ്രതി പിടിയില്‍. കുറുമണ്ടൽ പൂക്കുളം സുനാമി കോളനിയിൽ കലേഷാണ് (30) മാസങ്ങൾക്കുശേഷം പരവൂര്‍ പൊലീസിന്‍റെ പിടിയിലായത്. വ്യത്യസ്‌ത സ്‌റ്റേഷനുകളിലായി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
ഒന്നര കിലോയോളം കഞ്ചാവ് കൈവശംവച്ചതിന് കൊല്ലം സെഷൻസ് കോടതി ഏഴ് വർഷം കഠിന തടവിന് ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ നിൽക്കവേയാണ് വീണ്ടും കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായത്. ജില്ല പൊലീസ് മേധാവി ടി നാരായണൻ ഐ.പി.എസിന്‍റെ നിർദേശാനുസരണം പരവൂർ മേഖല കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് സുനാമി കോളനിക്ക് സമീപത്ത് നിന്നും കഞ്ചാവ് പിടികൂടിയത്. 2021 ഡിസംബർ 30നാണ് ബൈക്കിൽ കൊണ്ട് വന്ന ലഹരിവസ്‌തു പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഞ്ചാവ് വിൽപ്പനയില്‍ മാത്രം അഞ്ച് കേസുകള്‍
പൊലീസിനെ കണ്ട് കലേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കൊപ്പം ബൈക്ക് ഓടിച്ചിരുന്ന ദീപു എന്നയാളെ പൊലീസ് പിടികൂടുകയുണ്ടായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ കലേഷ് തിരികെ നാട്ടിലെത്തിയതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ചാത്തന്നൂർ എസി.പി ബി ഗോപകുമാറിന്‍റെ നിർദേശപ്രകാരം പരവൂർ ഇൻസ്പെക്‌ടര്‍ എ നിസാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർമാരായ നിതിൻ നളൻ, വിജയകുമാർ, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ റിലേഷ്, സി.പി.ഒമാരായ സായിറാം, മനോജ് നാഥ്, ജയേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്ന് വ്യാപാരം, കുട്ടികൾക്ക് മയക്കുമരുന്ന് നൽകൽ, ചാരായ നിർമാണം, കവർച്ച, സ്ത്രീകൾക്ക് നേരെയുളള ലൈംഗിക അതിക്രമം, ആയുധം കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി 16 കേസുകളിൽ ഇയാള്‍ പ്രതിയാണ്.
ശക്തികുളങ്ങര, പള്ളിത്തോട്ടം, കൊട്ടിയം, പരവൂർ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കഞ്ചാവ് വിൽപ്പനയില്‍ മാത്രം അഞ്ച് കേസുകളിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്.
ALSO READ: പരിക്കേറ്റ രണ്ടര വയസുകാരി വെന്‍റിലേറ്ററിൽ തുടരുന്നു ; തലച്ചോറിലേക്കുള്ള രക്തസ്രാവം കുറഞ്ഞു