കൊല്ലം: നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കാറ്റിൽപ്പെട്ട് തകർന്നു. മൂന്ന് പേരെ കാണാതായി. തമിഴ്‌നാട് സ്വദേശികളുടെ വള്ളമാണ് തകര്‍ന്നത്. രാജു, ജോൺ ബോസ്കൊ, സഹായരാജു എന്നിവരെയാണ് കാണാതായത്. രണ്ട് പേർ നീന്തി കാക്കത്തോപ്പ് ഭാഗത്ത് തീരമണഞ്ഞു. തമിഴ്നാട് കൊല്ലങ്കോട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിൻ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സെന്‍റ് നിക്കോള എന്ന വള്ളമാണ് മറിഞ്ഞത്. തകർന്ന വള്ളം മരുത്തടി ഭാഗത്ത് തീരത്തടിഞ്ഞു. മത്സ്യബന്ധനത്തിന് പോയി മടങ്ങിവരവേ ഇന്ന് രാവിലെ പതിനൊന്നരയോടെ നീണ്ടകരക്ക് പടിഞ്ഞാറുഭാഗത്ത് വച്ച് വള്ളം കാറ്റിൽപ്പെടുകയായിരുന്നു. മറൈൻ എൻഫോഴ്‌സ്‌മെന്‍റും കോസ്റ്റൽ പൊലീസും തെരച്ചിൽ ആരംഭിച്ചു. നേവിയുടെ സഹായം തേടിയിട്ടുണ്ട്.