കൊല്ലം: പാറ കയറ്റി വന്ന ടിപ്പർ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ആളപായമില്ല. അപകടത്തെ തുടർന്ന് കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ഗതാഗതം രണ്ട് മണിക്കൂറോളം സ്‌തംഭിച്ചു. ശനിയാഴ്‌ച രാവിലെ 12 മണിയോടെയായിരുന്നു അപകടം.
ഏനാത്ത് കണ്ണങ്കര സ്വദേശി രഞ്ജു ലാലിന്‍റെ ഉടമസ്ഥതയിലുള്ള ടിപ്പറാണ് അപകടത്തിൽ പെട്ടത്. ഏനാത്ത് നിന്നും കേരളപുറത്തേക്ക് പാറയുമായി പോകുകയായിരുന്ന ടിപ്പർ എഴുകോൺ മേൽപ്പാലം ഇറങ്ങുന്നതിനിടയിൽ ബ്രേക്ക് നഷ്ട്ടപെട്ട് നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം തെറ്റി ചരിഞ്ഞ ടിപ്പർ നിർത്തിയിട്ടിരുന്ന കിഴക്കേ കല്ലട സ്വദേശി മനോജിന്‍റെ കാറിന് മുകളിലേക്ക് മറിഞ്ഞു.
പാറയും ടിപ്പറും കാറിന്‍റെ പിൻഭാഗത്ത് വീണതിനാൽ വൻ അപകടം ഒഴിവായി. റോഡിന് കുറുകെ മറിഞ്ഞ ടിപ്പർ എതിർ വശത്ത് കൂടി പോകുകയായിരുന്ന ഓട്ടോയിലും ബൈക്കിലും തട്ടിയെങ്കിലും യാത്രക്കാർ അപകടം കൂടാതെ രക്ഷപെടുകയായിരുന്നു. തുടർന്ന് കൊട്ടാരക്കരയിൽ നിന്നും ക്രെയിൻ എത്തി ടിപ്പർ മാറ്റിയ ശേഷം ഗതാഗതം പുനർസ്ഥാപിച്ചു. എഴുകോൺ പൊലീസ് മേൽനടപടി സ്വീകരിച്ചു
ALSO READ: ടോക്കിയോയിൽ വീണ്ടും പൊന്നണിഞ്ഞ് ഇന്ത്യ ; 50 മീറ്റര്‍ എയര്‍ പിസ്റ്റളിൽ മനീഷ് നര്‍വാളിന് സ്വർണം