കൊല്ലം: പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളായ തമിഴ്നാട് സ്വദേശിയായ ഇറച്ചിവെട്ടുകാരനേയും മകനേയും പൊലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശിയായ പ്രകാശ്, മകൻ രാജ പാണ്ഡ്യൻ എന്നിവരെയാണ് കൊല്ലം എ.സി .പി ടി.ബി. വിജയന്‍റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.
കൊലപാതകത്തില്‍ കലാശിച്ചത് നിസാര തര്‍ക്കം
കൊല്ലം മരുത്തടി പള്ളിക്കാവിന് സമീപം ജവാൻ മുക്കിലാണ് ഞായറാഴ്ച രാവിലെ സംഭവം നടന്നത്. ഓഞ്ചേഴുത്ത് കാവിന് സമീപം താമസിക്കുന്ന വിഷ്ണുവാണ് (29) കുത്തേറ്റ് മരിച്ചത്. വിഷ്ണുവും സുഹൃത്തും സഞ്ചരിച്ച ബൈക്ക്, പ്രതിയായ പ്രകാശ് സഞ്ചരിച്ച ബൈക്കിന് സൈഡ് കൊടുത്തില്ലെന്നും പറഞ്ഞ് പള്ളിക്കാവ് കരുമ്പോലി ജങ്ഷനിൽ വെച്ച് വാക്കുതർക്കം നടന്നിരുന്നു.
പ്രകോപിതനായ പ്രകാശ് സമീപത്തെ കടയിൽ നിന്നും സോഡാ കുപ്പി പൊട്ടിച്ച് കുത്താൻ ശ്രമിക്കുകകയും പരസ്പരം അടി പിടി നടക്കുകയുമുണ്ടായി. എന്നാല്‍ നാട്ടുകാർ കൂടിയതോടെ ഇരുവരും പിരിഞ്ഞ് പോയി. വീട്ടിലെത്തിയ പ്രകാശ് മകൻ രാജ പാണ്ഡ്യനോട് സംഭവം പറയുകയും. ഇരുവരും വീട്ടിൽ നിന്നും ഇറച്ചിവെട്ടാൻ ഉപയോഗിക്കുന്ന കത്തിയുമായി ബൈക്കിൽ വിഷ്ണുവിനെയും കൂട്ടുകാരനെയും തിരക്കിയിറങ്ങി.
തുടര്‍ന്ന് പള്ളിക്കാവിന് സമീപം ജവാൻ മുക്കിൽ വെച്ച് വിഷ്ണുവിനെയും കൂട്ടുകാരനെയും കാണുകയും, ബൈക്കിന് പിറകിൽ യാത്ര ചെയ്തിരുന്ന പ്രകാശ് കൈയ്യിൽ കരുതിയ കത്തിയുമായി ചാടിയിറങ്ങി വിഷ്ണുവിന്‍റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും ബൈക്ക് ഉപേഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു.
ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായിരുന്നില്ല
കുത്ത് കൊണ്ട് നിലത്ത് വീണ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായിരുന്നില്ല. സംഭവം കണ്ട പരിസരവാസി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍ വഴിമധ്യേ ഇയാൾ മരണപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രകാശും മകനും കാവനാട്ട് അരവിളകടവിൽ നിന്നും വള്ളത്തിൽ കുരിപ്പുഴ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടാനായത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കും
പ്രതിയുടെ തമിഴ്നാട്ടിലെ ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ച് വരികയാണെന്ന് എ.സി.പി പറഞ്ഞു. പ്രതി പ്രകാശ് കഴിഞ്ഞ പതിനെട്ട് വർഷമായി കൊല്ലത്ത് മാറി മാറി വാടകയ്ക്ക് താമസിച്ച് വരികയാണ്. പ്രതികളെ കൊവിഡ് ടെസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കും.
also read: നാഗ്‌പൂരിൽ യുട്യൂബ് വീഡിയോ നോക്കി 25കാരൻ ബോംബ് നിർമിച്ചു
read more: യുവാവിനെ കുത്തിക്കൊലപ്പെടുത്തി