കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ കൊല്ലം ജില്ലയിൽ വീണ്ടും കൊലപാതകം. ആറ് ദിവസം മുൻപ് കണ്ണനല്ലൂരിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം അഞ്ചൽ ആർച്ചലിലെ പൊട്ട കിണറ്റിൽ കണ്ടെത്തി. കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ സ്വദേശി ഷൈജു മണലി സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയാണ് കണ്ണനല്ലൂർ മുട്ടക്കാവ് സ്വദേശിയായ ഷൗക്കത്തലിയെ വീട്ടിൽ നിന്നും കാണാതായത്. കാട കോഴികൾ വാങ്ങി നൽകാമെന്ന് പറഞ്ഞു പ്രതികൾ ഷൗക്കത്തലിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഷൈജുവിന്‍റെ വീട്ടില്‍ വച്ച് മൂവരും മദ്യപിച്ചു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലയ്ക്ക് ശേഷം പ്രതികൾ ഇരുവരും ചേർന്ന് മൃതദേഹം മുക്കാൽ കിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു. ഷൗക്കത്ത് അലിയുടെ മകൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്തിയത്.