കൊല്ലം: കല്ലുംതാഴം കേന്ദ്രീകരിച്ച് ഹൈടെക് വാറ്റ് കേന്ദ്രം. 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് കണ്ടെടുത്തു നശിപ്പിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞു കിടക്കുന്നത് മുതലെത്താണ് ഹൈടെക് രീതിയിൽ ചാരായ വാറ്റ് കേന്ദ്രം ആരംഭിച്ചത്. മദ്യപന്മാരെ ലക്ഷ്യമിട്ട് വൻ വിലക്ക് മദ്യവിൽപന നടത്തുന്നതിനായി ആൾ താമസമില്ലാതെ കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആധുനിക രീതിയിൽ വാറ്റ്‌സെറ്റ് നിർമിച്ച് വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റി കൊണ്ടിരുന്ന സംഘത്തെയാണ് കൊല്ലം എക്സൈസ് സംഘം പിടികൂടിയത്.
ചാരായ വിൽപന നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായത്. സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്ന് പരിശോധന നടത്തിയത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം പിടികൂടുകയായിരുന്നു. 100 ലിറ്ററിന്‍റെ ഇരുമ്പ് ഡ്രമ്മിൽ 50 ലിറ്റർ കോടയും 35ലിറ്റർ ചാരായവും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു.
ഒരു ലിറ്റർ ചാരായം 3000 രൂപ നിരക്കിലാണ് വിൽപന നടത്തി വന്നിരുന്നതെന്ന് വിവരം ലഭിച്ചിരുന്നു. ചാരായം വാങ്ങാൻ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. കോട വേഗം പാകം ആകാൻ വേണ്ടി കോടയിൽ അമോണിയ ചേർക്കുന്നതും കണ്ടുപിടിച്ചു. മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ വ്യാജ മദ്യ ഉൽപാദനം വർധിക്കുവാൻ സാധ്യതയുണ്ടെന്നുള്ള ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പട്രോളിംഗ് ശക്തമാക്കി.
ALSO READ: അനധികൃത മദ്യവിൽപന നടത്തിയ പ്രതി പിടിയിൽ