കൊല്ലം: കൊട്ടിയത്ത് നിന്ന് പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമെന്ന് സ്ഥിരീകരണം. പതിന്നാലുകാരന്‍റെ അമ്മ തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിയും ബന്ധുവുമായ സ്‌ത്രീയിൽ നിന്ന് പത്ത് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതെ വന്നതാണ് തട്ടികൊണ്ടുപോകാന്‍ കാരണമായത്.
കുട്ടിയുടെ അമ്മ തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ കടമായി വാങ്ങി പണം മൂന്നു രൂപ പലിശയ്ക്ക് മറ്റൊരാൾക്ക് നൽകുകയായിരുന്നു. എന്നാൽ പലിശയ്ക്കു വാങ്ങിയ ആൾ കൃത്യമായി തിരികെ നൽകാത്തതിനെ തുടർന്ന് ഇവര്‍ക്ക് സമയത്ത് തുക മടക്കി നൽകാനായില്ല. ഇതിനെത്തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷന്‍ കൊടുക്കുന്നത്. അതേസമയം, തട്ടികൊണ്ടുപോയവർ തനിക്ക് ബലമായി മയക്കുമരുന്ന് നൽകിയെന്ന് പതിനാലുകാരൻ പറഞ്ഞു.
എന്നാല്‍ ബന്ധുവിന്‍റെ കൈയിൽ നിന്നും തങ്ങൾ പണം വാങ്ങിയിട്ടില്ലെന്നും, മറ്റൊരാള്‍ക്ക് ഇടനിലക്കാരിയായി പണം വാങ്ങി കൊടുത്തിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി. തന്‍റെ മകനെ തട്ടികൊണ്ടുപോയതിന് പിന്നിൽ പണമിടപാടാണോ എന്ന് തെളിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം, കുട്ടിയെ തട്ടികൊണ്ടുപോകാനായി തമിഴ്‌നാട് സ്വദേശിയുടെ മകൻ ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയിരുന്നത്. ഇതിനെത്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി മാർത്താണ്ഡം സ്വദേശി ബിജു പൊലീസ് പിടിയിലായി.
എന്നാല്‍ പൊലീസിന്‍റെ ഊർജിത ശ്രമംമൂലമാണ് കുട്ടിയെ വേഗത്തിൽ കണ്ടെത്താനായത്. പൂവാറിൽ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയും പ്രധാന പ്രതിയും പാറശാല പൊലീസിന്‍റെ പിടിയിലായത്.