കൊല്ലം: കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ പൊതുമേഖലാ സ്ഥാപനമായ കൊല്ലം കെഎംഎംഎൽ കൊവിഡ് ആശുപത്രി സജ്ജമാക്കുന്നു. കമ്പനിക്ക് സമീപത്തെ ചവറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരോഗ്യവകുപ്പുമായി ചേർന്നാണ് ആശുപത്രി തയ്യാറാക്കുന്നത്. ഓക്‌സിജൻ സൗകര്യത്തോടെ 500 കിടക്കയാണ് ആശുപത്രിയിൽ ഒരുക്കുന്നത്. കരിമണലിൽ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് ചവറ കെ.എം.എം.എൽ കവി ഒ.എൻ.വി കുറുപ്പിന്‍റെ സ്‌കൂളിൽ പ്രാണവായു ഉൾപ്പടെ സജ്ജമാക്കിയാണ് കൊവിഡ് ആശുപത്രി ക്രമീകരിച്ചിരിക്കുന്നത്.
ഒരു കോടി രൂപ ചിലവിൽ അത്യാധുനിക സംവിധാനങ്ങളോടെ കൊവിഡ് ബാധിതരുടെ ജീവൻ രക്ഷിക്കാൻ എല്ലാ ബെഡിലും ഓക്‌സിജൻ സൗകര്യത്തോടെ 300 ബെഡ് ആണ് സജ്ജമാക്കിയിട്ടുള്ളത്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കെഎംഎംഎൽ അധികാരികളുമായി നടത്തിയ ചർച്ചയിലാണ് ആശുപത്രി സജ്ജമാക്കാൻ തീരുമാനമായത്. ആദ്യഘട്ടം 100 കിടക്കകളോടെ തിങ്കളാഴ്ച ആശുപത്രി, ആരോഗ്യവകുപ്പിനു കൈമാറുമെന്ന് കെഎംഎംഎൽ മാനേജിങ് ഡയറക്ടർ ജെ ചന്ദ്രബോസ് പറഞ്ഞു.
കമ്പനിയിലെ ഓക്‌സിജൻ പ്ലാന്‍റിൽ നിന്ന് പൈപ്പ് ലൈൻ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്‌സിജൻ ലഭ്യമാക്കുന്നത്. 700 മീറ്റർ ദൂരമാണ് ഓക്‌സിജൻ പ്ലാന്‍റും സ്‌കൂളും തമ്മിലുള്ളത്. ഇവയെ ബന്ധിപ്പിച്ചു പൈപ്പിടുന്ന ജോലികൾ പുരോഗമിക്കുന്നു. സിഡ്‌കോയിൽനിന്ന് 100 കട്ടിലും കയർഫെഡിൽനിന്ന് ആവശ്യമായ കിടക്കയും ആശുപത്രിക്കായി കെഎംഎംഎൽ നേരിട്ട് വാങ്ങി. സ്‌കൂളിൽ 300 ബെഡും സ്‌കൂൾ ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന താൽകാലിക മുറികളിൽ 200 ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്.