കൊല്ലം: മീൻമുള്ളിൽ വിരിയുന്ന വർണപ്പൂക്കളും തടിയിൽ കൊത്തിയെടുത്ത ചിരാതുകളുമൊക്കെയായി കരവിരുതിൽ തീർത്ത കരകൗശല വസ്‌തുക്കളുടെ പ്രദര്‍ശനമൊരുക്കുകയാണ് കൈരളി ക്രാഫ്‌റ്റ് ബസാർ. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് പരിധിയിലുള്ള കരകൗശല വികസന കമ്മീഷണറേറ്റിന്‍റെ സഹകരണത്തോടെ സംസ്‌ഥാന കരകൗശല വികസന കോർപ്പറേഷനാണ് ആശ്രാമം മൈതാനത്ത് മേള സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ൽ പരം ചെറുകിട കരകൗശല-കൈത്തറി കലാകാരന്മാര്‍ ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഇവിടെ വിപണനം നടത്തുന്നത്. തടിയിൽ കൊത്തിയെടുത്ത വീട്ടുപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങൾ എന്നിവയും മേളയിലുണ്ട്. കരകൗശല രംഗത്തെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ ഇതുവഴി കഴിയുമെന്ന് മേളയുടെ സംഘാടകര്‍ പറയുന്നു. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തന സമയം. ഈ മാസം 18 ന് മേള സമാപിക്കും.