കൊല്ലം: ജില്ലാ ജയിലിൽ നിന്നുള്ള ഭക്ഷണവിഭവങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. അഞ്ചു വിഭവങ്ങൾ അടങ്ങിയ പാക്കറ്റ് 125 രൂപയാണ്. ഭക്ഷണ വിതരണ കമ്പിനിയായ സ്വിഗ്ഗി വഴിയാണ് ജയിൽവിഭവങ്ങൾ ഓൺലൈനായി വിതരണം ചെയ്യുന്നത്. ആദ്യ ഭക്ഷണ പാക്കറ്റ് കൗൺസിലർ പി ഷൈലജയ്ക്ക് നൽകി ദക്ഷിണ മേഖല ഡിഐജി എസ് സന്തോഷ് കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ജയിൽചപ്പാത്തി, ബിരിയാണി, കുപ്പിവെള്ളം എന്നിവയുടെ വിതരണത്തിന് പിന്നാലെയാണ് ജയിൽ വിഭവങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഫ്രീഡം ഫുഡ് എന്ന പേരിലാണ് വിഭവങ്ങൾ വിപണിയിലെത്തിച്ചിരിക്കുന്നത്. ചിക്കൻ ബിരിയാണി, മൂന്ന് ചപ്പാത്തി, ചിക്കൻ കറി, ഹൽവ, കുപ്പിവെള്ളം എന്നീ വിഭവങ്ങളാണ് കോംബോ പായ്ക്കറ്റിലുള്ളത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഓൺലൈൻ വഴിയുള്ള ഭക്ഷണ വിതരണം ഉണ്ടാവുക. ജില്ലാ ജയിലിന്‍റെ ആറു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് മാത്രമേ ഭക്ഷണങ്ങൾ ഓൺലൈനായി ലഭിക്കൂ.