കൊല്ലം: ഊതിക്കാച്ചിയ പൊന്ന് എന്നൊക്കെ കേട്ടിട്ടില്ലേ. എന്നാൽ ഇന്നിവിടെ പറയാൻ പോകുന്നത് ഊതിക്കാച്ചിയെടുത്ത ഒരു ക്ലോക്കിനെ കുറിച്ചാണ്. ആറടി ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ഗ്രാൻഡ് ഫാദർ ക്ലോക്ക്. കൊല്ലം എസ്എൻ കോളജ് ജങ്ഷനിൽ ജയ വാച്ച് വര്‍ക്‌സ് നടത്തുന്ന ഫ്രെഡി എന്ന 71കാരനാണ് സ്വന്തമായി ഗ്രാൻഡ് ഫാദർ ക്ലോക്ക് നിർമിച്ചത്.
രണ്ട് വർഷത്തെ കഠിന അധ്വാനം വേണ്ടി വന്നു നിര്‍മാണം പൂർത്തിയാക്കാൻ. തകിട് അടിച്ചു പരത്തി പെൻഡുലവും പഴയ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് വെട്ടി ഒതുക്കി സൂചിയും നിർമിച്ചു. മൈക്ക ചൂടാക്കി വളച്ചാണ് മേൽമൂടി തയ്യാറാക്കിയത്. ക്ലോക്കിന് ഉള്ളിൽ പെൻഡുലം സ്ഥാപിക്കാൻ വേണ്ട കമ്പിക്കായി കേരളം മുഴുവൻ അലഞ്ഞു. ഒടുവിൽ തൃശ്ശൂരിൽ നിന്നാണ് സാധനം കിട്ടുന്നത്. ബെൽറാഡുകളിൽ ലെതർ ഒട്ടിച്ചാണ് മണിയൊച്ചകൾ മനോഹരമാക്കിയത്. ചെല്ലപ്പെട്ടിയിലാണ് ഭീമൻ ക്ലോക്ക് നിൽക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗ്രാൻഡ് ഫാദർ ക്ലോക്കിന് ഏകദേശം 12 ലക്ഷം രൂപ വരെയാണ് മാർക്കറ്റ് വില. കാലത്തിനൊപ്പം ഇങ്ങനെ ഒരു ക്ലോക്കും സഞ്ചരിച്ചിരുന്നു എന്ന് ആളുകളെ ഓർമപ്പെടുത്തുക കൂടിയാണ് ഫ്രെഡി.
1971ലെ മാരത്തൺ ഓട്ട ജേതാവായ ഫ്രെഡിക്ക് വാച്ചുകളോടുള്ള ആത്മബന്ധത്തിന് അര നൂറ്റാണ്ടിന്‍റെ പഴക്കം ഉണ്ട്. അച്ഛൻ വിഎം നായകം 60 വർഷം മുമ്പ് ആരംഭിച്ച കടയിൽ നിന്നാണ് വാച്ചുകളോട് കമ്പം തോന്നി തുടങ്ങുന്നത്. ഒഴിവ് സമയങ്ങളിൽ അച്ഛനോടൊപ്പം കടയിൽ ഇരുന്ന് പണി പഠിച്ചു. കുറച്ചു കാലം സൗദിയിൽ ജോലി നോക്കി. അവിടെ നിന്നാണ് വാച്ചുകളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നത്. എപ്പോഴും വ്യത്യസ്തത ആഗ്രഹിച്ചിരുന്ന ഫ്രെഡിക്ക് ശരിയാക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയ വാച്ചുകൾ നന്നാക്കുന്നതിൽ ആയിരുന്നു താല്‍പര്യം. അതിന്‍റെ തുടർച്ചയായിരുന്നു ഗ്രാൻഡ് ഫാദർ ക്ലോക്കിലേക്കും ഫ്രെഡിയെ എത്തിച്ചത്. പ്രായത്തിന് തോല്‍പ്പിക്കാന്‍ സാധിക്കാത്ത നിശ്ചയദാര്‍ഢ്യത്തെ പ്രശംസിക്കാന്‍ നിരവധി ആളുകൾ എത്താറുണ്ട്.