കൊല്ലം: തേവലക്കര കാര്‍മല്‍ സ്‌നേഹനിലയത്തിലെ അന്തേവാസികള്‍ക്ക് ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍ ഇഫ്‌താര്‍ വിരുന്നൊരുക്കി കാരുണ്യ പ്രവര്‍ത്തകനായ ഷിഹാബ് ബദരിയ. സ്‌നേഹനിലയത്തില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലില്‍ ഒരുക്കിയ ഇഫ്‌താര്‍ വിരുന്നും ബസ് യാത്രയും വര്‍ഷങ്ങളായി പുറത്തിറങ്ങാതെ കേന്ദ്രത്തിനകത്ത് അന്തേവാസികള്‍ക്ക് പുതിയ അനുഭവമായിരുന്നു. ഇഫ്‌താര്‍ വിരുന്നില്‍ എഎം ആരിഫ് എംപിയും പങ്കെടുത്തു.
സ്‌നേഹനിലയത്തിന് പുറത്ത് ഇത്തരമൊരു ഇഫ്‌താര്‍ വിരുന്നൊരുക്കിയതിനും വിരുന്നില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും എംപി പങ്കുവെച്ചു. കണ്ടു നിന്നവരുടെ പോലും മനസും വയറും നിറഞ്ഞ ഇഫ്‌താര്‍ വിരുന്ന് മത സൗഹാര്‍ദത്തിന്‍റെയും മാനവികതയുടെയും സന്ദേശം പകര്‍ന്ന് നല്‍കുന്ന വേദിയായി. വിശുദ്ധ റമദാന്‍ മാസത്തിലെ പതിവ് ഇഫ്‌താര്‍ കാഴ്‌ചകളില്‍ നിന്നും വേറിട്ടൊരു ഇഫ്‌താര്‍ സംഗമം കൂടിയായിരുന്നു ഈ വിരുന്ന്.