കൊല്ലം: പ്ലാസ്റ്റിക് നിരോധനം കർശനമായതോടെ ആവശ്യക്കാർക്കായി പ്ലാസ്റ്റിക് ഇതര സംവിധാനങ്ങൾ ഒരുക്കുകയാണ് കൊല്ലം ജില്ലാ ഭരണകൂടം. പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി തുണിസഞ്ചികൾ വിപണിയിലെത്തിക്കുകയാണ് ഭരണകൂടം.
ശുചിത്വ- ഹരിത മിഷനുകളുടെയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമായാണ് പ്ലാസ്റ്റിക് മോചനത്തിന്റെ തുടക്കം. തുണിസഞ്ചികള്‍ പൊതുജനങ്ങളിലേക്ക് എത്തിച്ച് പ്ലാസ്റ്റിക് രഹിത ജീവിതശൈലി സാധ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം.
140 കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് ഇതര ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നത്. സംരംഭകത്വ വായ്പാ പദ്ധതി പ്രകാരം ഇത്തരം വസ്തുക്കളുടെ നിര്‍മാണത്തിന് നാല് ശതമാനം പലിശ നിരക്കില്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് വായ്പ ലഭ്യമാക്കും. നിലവില്‍ പ്രതിദിനം 25,000 തുണി സഞ്ചികളുടെ ഉത്പാദന ശേഷിയുള്ള യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പുനലൂര്‍, നെടുമ്പന എന്നിവിടങ്ങളിലെ അപ്പാരല്‍ പാര്‍ക്കുകളില്‍ ആധുനിക മെഷീനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ക്ക് ഉയര്‍ന്ന ഉല്‍പാദനശേഷിയാണുള്ളത്. ഉത്പന്നങ്ങളുടെ ആവശ്യകതക്ക് അനുസൃതമായി കുടുംബശ്രീ ജില്ലാ മിഷന്‍ ഉത്പാദന വര്‍ധനയും ലഭ്യതയും ഉറപ്പാക്കും. സഞ്ചികള്‍ മിതമായ നിരക്കില്‍ കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്ന് മൊത്തമായും അതത് പഞ്ചായത്തുകളിലെ പ്രത്യേക കൗണ്ടറുകള്‍ വഴി ചില്ലറയായും ലഭിക്കും. ബീച്ച് ഗെയിംസ് സ്റ്റാളുകളിലും മറ്റു വ്യാപാര മേളകള്‍ വഴിയും ഇവ സ്വന്തമാക്കാമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു